| Friday, 23rd December 2022, 10:17 pm

'പബ്ബുകളിലും ലവ് ജിഹാദ്'; ന്യൂയര്‍ പാര്‍ട്ടികളില്‍ നിന്ന് മുസ്‌ലിം പുരുഷന്മാരെ വിലക്കണമെന്ന് ബജ്‌റംഗ് ദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: മംഗളൂരുവില്‍ പുതുവത്സര പാര്‍ട്ടികള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബജ്‌റംഗ് ദള്‍. ഈ ആവശ്യം ഉന്നയിച്ച് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കി.

മുസ്‌ലിം പുരുഷന്‍മാര്‍ ലവ് ജിഹാദിന് വേണ്ടി ബാറുകളും പബ്ബുകളും ദുരുപയോഗം ചെയ്യുമെന്നും, ആയതിനാല്‍ പുതുവര്‍ഷത്തില്‍ എല്ലാ ബാറുകളും പബ്ബുകളും നിശ്ചിത സമയത്തിനുള്ളില്‍ അടച്ചിടണമെന്നുമാണ് സംഘടനയുടെ ആവശ്യം.

മുസ്‌ലിം പുരുഷന്മാരെ പബ്ബുകളിലും ഹോട്ടലുകളിലും പ്രവേശിപ്പിക്കരുതെന്ന് പബ് ഉടമകളോടും മാനേജര്‍മാരോടും ബജ്‌റംഗ് ദള്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഇസ്‌ലാമില്‍ മദ്യവും സംഗീതവും വിലക്കപ്പെട്ടതിനാല്‍ പുതുവത്സര തലേന്ന് മുസ്‌ലിം യുവാക്കളെ ഹോട്ടലുകളിലും പബ്ബുകളിലും പ്രവേശിപ്പിക്കരുതെന്ന് ബജ്‌റംഗ് ദള്‍ നേതാവ് പുനീത് അത്താവര്‍ പറഞ്ഞു.

‘മംഗളൂരുവിലെ ഹോട്ടലുകളും പബ്ബുകളും കാരണം ലവ് ജിഹാദ്, ഡ്രസ് ജിഹാദ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥലങ്ങള്‍ അവരെ മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നു,’ അത്താവര്‍ ആരോപിച്ചു.

‘മുസ്‌ലിം പുരുഷന്മാര്‍ക്ക് പാര്‍ട്ടികള്‍ വിലക്കപ്പെട്ടതാണ്. എന്നാല്‍ മംഗളൂരുവിലെ എല്ലാ പബ്ബുകളിലും നിങ്ങള്‍ക്ക് അവരെ കാണാം. അതിനാല്‍, ഡിസംബര്‍ 31 പുതുവത്സര രാവില്‍ പബ്ബുകളിലും പാര്‍ട്ടികളിലും മുസ് ലിങ്ങളെ അനുവദിക്കരുതെന്ന് ബജ്‌റംഗ് ദള്‍ സംഘടന എല്ലാ പബ്ബ് ഉടമകളോടും മാനേജര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു,’ എന്നും പുനീത് അത്താവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ണാടകയിലെ ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്‌കരിക്കാനുള്ള ക്യാമ്പയിനുമായും ഹിന്ദുത്വ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ബെംഗളൂരു വി.വി പുരത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രപരിസരത്ത് കച്ചവടം ചെയ്യുന്നതില്‍നിന്ന് മുസ്‌ലിംകളെ വിലക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ബി.ബി.എം.പി കമീഷണര്‍ തുഷാര്‍ ഗിരിനാഥ്, സീത്ത് ബംഗളൂരു ഡെപ്യൂട്ടി കമീഷണര്‍ പി. കൃഷ്ണകാന്ത് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെ എതിര്‍ത്ത് തെരുവുകച്ചവടക്കാരുടെ സംഘടനകളും രംഗത്തുവന്നിരുന്നു.

ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കൊപ്പാലിലെ അഞ്ജനാദ്രി ക്ഷേത്രപരിസരത്ത് ഇതുസംബന്ധിച്ച് ബോര്‍ഡും സ്ഥാപിച്ചിരുന്നു. അഞ്ജനാദ്രി മല പവിത്രമായ ഇടമാണെന്നും അവിടെ ഹിന്ദുക്കളെ മാത്രമേ കച്ചവടം ചെയ്യാന്‍ അനുവദിക്കൂ എന്നും ചുണ്ടിക്കാട്ടി എച്ച്.ജെ.വി കൊപ്പാല്‍ ജില്ല മജിസ്‌ട്രേറ്റിന് കത്തുനല്‍കുകയും ചെയ്തിരുന്നു

കച്ചവടത്തിന്റെ പേരില്‍ മുസ്‌ലിങ്ങള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞവര്‍ഷവും ഉത്സവ സീസണില്‍ മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്‌കരിക്കുന്ന ക്യാമ്പയിനുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

Content Highlight: Bajrang Dal wants ban Muslim men on New Year parties in Mangaluru due to ‘Love Jihad’

We use cookies to give you the best possible experience. Learn more