ലക്ഷ്യം ഹിന്ദുമത സംരക്ഷണവും ലൗ ജിഹാദിനെ പ്രതിരോധിക്കലും; സ്‌കൂള്‍കുട്ടികള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന ബജ്‌രംഗ്ദളും വി.എച്ച്.പിയും; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് ഫസ്റ്റ് പോസ്റ്റ്
India
ലക്ഷ്യം ഹിന്ദുമത സംരക്ഷണവും ലൗ ജിഹാദിനെ പ്രതിരോധിക്കലും; സ്‌കൂള്‍കുട്ടികള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന ബജ്‌രംഗ്ദളും വി.എച്ച്.പിയും; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് ഫസ്റ്റ് പോസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2017, 4:08 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്നും നാനൂറ് കിലോമീറ്ററകലെ ബജ്‌രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, മറ്റ് ഹിന്ദുത്വ ഗ്രൂപ്പുകളും നടത്തുന്ന ട്രെയിനിംഗ് ക്യാമ്പുകളുണ്ട്. വാളും തോക്കുമടക്കമുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ഇവിടെ പരിശീലനം നേടുന്നത് സ്‌കൂള്‍ കുട്ടികളാണ്. ഈ ട്രെയിനിംഗ് ക്യാമ്പുകളിലേക്ക് പ്രമുഖ ദേശീയ മാധ്യമമായ ഫസ്റ്റ് പോസ്റ്റ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

അസാദ് അഷ്‌റഫ് എന്ന റിപ്പോര്‍ട്ടറാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. താന്‍ ജീവനില്‍ കൊതിയുള്ളതുകൊണ്ട് അനുപം കുമാര്‍ എന്ന കള്ളപ്പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കാനായി പോയതെന്നും അസാദ് വീഡിയോ സ്‌റ്റോറിയ്ക്ക് ഒപ്പം നല്‍കിയ കുറിപ്പില്‍ പറയുന്നുണ്ട്.

ഫസ്റ്റ്‌പോസ്റ്റ് തയ്യാറാക്കിയ ഹിന്ദുത്വത്തിന്റെ ഹൃദയഭൂമിയിലൂടെ ഒരു യാത്ര എന്ന വീഡിയോ ആരംഭിക്കുന്നത് രണ്ട് ബജ്‌രംഗദള്‍ പ്രവര്‍ത്തകരുടെ അനുഭവ മൊഴിയിലൂടെയാണ്. “ഞാന്‍ ബജ്‌രംഗ്ദളില്‍ ചേര്‍ന്നത് എന്റെ രാജ്യത്തെയും മതത്തെയും സേവിക്കാനാണ്””, “”ഞാന്‍ ബജ്‌രംഗ്ദളില്‍ ചേര്‍ന്നത് എന്റെ വിശ്വാസത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ്””.


Also Read: ‘ഞങ്ങള്‍ക്ക് സൊമാലിയയിലും പാകിസ്താനിലും മാത്രമല്ലടാ അങ് ലണ്ടനിലുമുണ്ടെടാ പിടി..’; പോ മോനേ മോദി ട്രെന്റ് ഇനിയും അവസാനിച്ചിട്ടില്ല; ഇന്ത്യ-ബംഗ്ലാദേശ് സെമിഫൈനല്‍ സ്‌റ്റേഡിയത്തില്‍ നിന്നുമുള്ള ചിത്രം വൈറലാകുന്നു


ദല്‍ഹിയില്‍ നിന്നും ഹനുമാന്‍ഗറില്‍ എത്തിയ ഫസ്റ്റ് പോസ്റ്റ് ബജ്‌രംഗ്ദള്‍ ട്രെയിനിംഗ് ക്യാമ്പിന്റെ ചിത്രങ്ങളും വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. ഹിന്ദുസംസ്‌കാരത്തിന് എതിരെയുള്ള എന്തുതരം ആക്രമണത്തെയും ചെറുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ ഏറിയ പങ്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ്.

തങ്ങളുടെ മതവിശ്വാസത്തെ സംരക്ഷിക്കാനും പശുകടത്തും ലൗ ജിഹാദുമടക്കമുള്ള അവര്‍ ദേശദ്രോഹമെന്ന് വിളിക്കുന്ന പ്രവൃത്തികള്‍ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു വി.എച്ച്.പി പ്രവര്‍ത്തകന്‍ പറയുന്നത് വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.

“”മതത്തെയും വിശ്വാസത്തെയും സംരക്ഷിക്കാനുള്ളതാണ് വി.എച്ച്.പി. പശു കടത്തുകാരെയും ലൗ ജിഹാദിനെയും പ്രതിരോധിക്കുക എന്നതും വി.എച്ച്.പിയുടെ ധര്‍മ്മമാണ്. ഞങ്ങളുടെ ലക്ഷ്യം തന്നെ ഹിന്ദു മൂല്യങ്ങളെ കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുക എന്നുള്ളതാണ്”. ആ വാക്കുകളില്‍ നിന്നു തന്നെ അവരുടെ നയം വ്യക്തമാണ്. ശത്രുക്കളും. തുടര്‍ന്ന് കാലികര്‍ഷകനായ പഹലു ഖാന്റെ കൊലപാതകത്തെ ന്യായീകരിക്കാനും അയാള്‍ തയ്യാറാകുന്നു.

“2017 ഏപ്രില്‍ ഒന്നിനാണ് പശുസംരക്ഷകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കാലികര്‍ഷകനായ പഹലു ഖാന്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആയാള്‍ക്ക് പശു കടത്തലുമായി ബന്ധമുണ്ടെന്നതിന് കൃത്യമായ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഇത്തരക്കാര്‍ വളരെ രഹസ്യസ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുക. അയാളെ കുറിച്ച് ഞങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ കൃത്യമായിരുന്നു. അയാള്‍ കുറേക്കാലമായി പശുക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.”
പലതവണ അയാളുടെ പ്രവര്‍ത്തിയുടെ പേരില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ അയാളെ വിലക്കിയിട്ടുണ്ടെന്നാണ് വീഡിയോയില്‍ കാണുന്നയാള്‍ പറയുന്നത്. “പെഹലുഖാനെ കൊല്ലുക എന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. അത് സംഭവിച്ചുപോയതാണ്”. പെഹലു ഖാന്റെ മരണത്തെ കുറിച്ച് വളരെ ലാഘവത്തോടെയായിരുന്നു അയാള്‍ വീശദീകരിച്ചത്.

പക്ഷേ ആളുകള്‍ അതൊരു വലിയ പ്രശ്‌നമാക്കി മാറ്റിയതാണെന്നാണ് അയാളുടെ അഭിപ്രായം. അല്‍വാര്‍ പ്രദേശത്ത് കശാപ്പുകാര്‍ വളരെ കൂടുതലാണ്. രാജ്യത്തിനും ഗോമാതായ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ ഇടപെടലുകള്‍ കൊണ്ട് ചിലര്‍ പിന്‍വാങ്ങിത്തുടങ്ങിയിട്ടുണ്ട്.”” എന്നും ആ വി.എച്ച്.പി പ്രവര്‍ത്തകന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വീഡിയോയില്‍ വിശദീകരിക്കുന്നു.

പെഹലുഖാന്‍ കൊല്ലപ്പെട്ടതല്ല, തല്ല് കിട്ടിയപ്പോള്‍ അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. അത് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. പല സംഭവങ്ങളും ഞങ്ങളോടുള്ള സമൂഹത്തിന്റെ ദേഷ്യം വര്‍ധിപ്പിക്കുകയാണ്. പക്ഷേ, ഞങ്ങള്‍ പശുവിനെ സംരക്ഷിക്കുമെന്നാണ് ഇന്ദ്രജിത് എന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ വാക്കുകള്‍.


Don”t Miss: ‘മുസ്‌ലീങ്ങളല്ലാത്തവരോട് ചിരിക്കരുത്; അന്യമതസ്ഥരെ സഹായിക്കരുത്’; മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ ശംസുദ്ദീന്‍ പാലത്ത് പിടിയില്‍


ക്യാമ്പില്‍ പെണ്‍കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിനെ കുറിച്ചും അവര്‍ക്ക് കൃത്യമായ ന്യായീകരണമുണ്ട്. “”പെണ്‍കുട്ടികള്‍ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നു. സ്വയം ബോധവതികളാകുന്നു. ലൗ ജിഹാദിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിക്കണം. ലൗ ജിഹാദിന് ഇറങ്ങുന്ന ചെറുപ്പക്കാര്‍ കൃത്യമായ പരിശീലനം ലഭിച്ചവരാണ്. എങ്ങനെ പെണ്‍കുട്ടികളെ ആകര്‍ഷിക്കണം എന്നതിന് അവര്‍ക്ക് രാജ്യമെങ്ങും ട്രെയിനിംഗ് ക്യാമ്പുകള്‍ നടക്കുന്നുണ്ട്. അവരുടെ മനസ്സ് അതിന് അനുയോജ്യമായി രീതിയിലേക്ക് പരിശീലിക്കപ്പെടും അത്തരം ക്യാമ്പുകള്‍ കഴിയുമ്പോഴേക്കും. അതിനവര്‍ക്ക് കാശും ലഭിക്കുന്നുണ്ട്””. കൃത്യമായി വര്‍ഗ്ഗീയതയുടെ വിത്തുകള്‍ പാകാന്‍ വി.എച്ച്.പിയ്ക്ക് തങ്ങളുടെ ക്യാമ്പുകളിലൂടെ സാധിക്കുന്നുണ്ട്.

ബിജെപി അധികാരത്തിലെത്തിയത് തങ്ങളുടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നുമാണ് വി.എച്ച്.പിയുടെ അവകാശവാദം. അത് ഏറെക്കുറെ ശരിയുമാണ്. നാട്ടില്‍ നടക്കുന്ന വര്‍ഗ്ഗീയ ചേരിതിരിവ് അതിന്റെ തെളിവാണല്ലോ.