| Thursday, 25th May 2023, 9:22 am

ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; നാളെ റിലീസാകാനിരിക്കുന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ് ദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദി ക്രിയേറ്റര്‍ – സര്‍ജന്‍ഹാര്‍ എന്ന സിനിമക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്ത്. പ്രവീണ്‍ ഹിംഗോനിയ സംവിധാനം ചെയ്യുന്ന ഈ ഹിന്ദി ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ബജ്‌റംഗ് ദളിന്റെ ആരോപണം.

ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അഹമ്മദാബാദിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ക്ക് മുന്നില്‍ വ്യാഴാഴ്ച പ്രതിഷേധം നടത്തിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ചിത്രം 26ന് വെള്ളിയാഴ്ച രാജ്യവ്യാപകമായി റിലീസാകാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്.

തിയേറ്ററിന് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഇവര്‍ ഉയര്‍ത്തിയെന്ന് വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സിനിമക്കെതിരായ ബജ്‌റംഗ് ദള്‍ പ്രതിഷേധത്തിന്റെ വീഡിയോയും എ.എന്‍.ഐ പുറത്തുവിട്ടു.

ഒരു രാജ്യം ഒരു മതം എന്ന ആശയവുമായി മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ടോട്ടല്‍ ഇവന്റ് കോര്‍പറേഷന്റെ ബാനറില്‍ രാജേഷ് കരാട്ടെ ഗുരുജിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദയാനന്ദ് ഷെട്ടി, ഷാജി ചൗധരി, ആര്യ ബബ്ബര്‍, രോഹിത് ചൗധരി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

നേരത്തെ ഷാരൂഖ് ഷാന്‍ നായകനായ പത്താനെതിരെയും സമാനമായ പ്രതിഷേധങ്ങള്‍ ബജ്‌റംഗ് ദള്‍ ഉയര്‍ത്തിയിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍, പത്താന്റെ പ്രദര്‍ശനം തടയരുതെന്ന പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയിരുന്നു. ആമിര്‍ ഖാന്‍ നായകനായ പി.കെ. എന്ന ചിത്രത്തിനെതിരെയും ഇത്തരത്തില്‍ പ്രതിഷധങ്ങള്‍ നടത്തിയിരുന്നു.

content highlights: Bajrang Dal staged a protest at a multiplex in Ahmedabad, against film ‘The Creator – Sarjanhar’

We use cookies to give you the best possible experience. Learn more