ബെംഗളൂരു: മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ താത്കാലിക പള്ളിയില്‍ തീവ്രഹിന്ദു സംഘടനകളുടെ ഭജന. ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി ഭജനയും പ്രാര്‍ത്ഥനയും നടത്തിയത്.
രാവിലെ 11 മണിയോടെ ഹുബ്ബള്ളിയിലെ ബൈരിദേവര്‍കൊപ്പ പള്ളിയിലെത്തിയ പ്രവര്‍ത്തകര്‍ ഉച്ചഭാഷിണികളിലൂടെ ഭജനകളും പ്രാര്‍ത്ഥന ഗാനങ്ങളും പാടി.
ഇതിന് പിന്നാലെ പ്രാദേശിക ബി.ജെ.പി എം.എല്‍.എയായ അരവിന്ദ് ബെല്ലാഡിന്റെ നേതൃത്വത്തില്‍ പള്ളിയിലെ പാസ്റ്റര്‍ സോമു അവരാധിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
വിശ്വനാഥ് എന്ന ഹിന്ദുവിനെ മത പരിവര്‍ത്തനം നടത്തുന്നതിനായി പള്ളിയിലെത്തിക്കുകയായിരുന്നുവെന്നും, എന്നാല്‍ ഇയാള്‍ ഇതിന് സമ്മതിക്കാതെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കാര്യകാരണ സഹിതം പരാതി നല്‍കുകയായിരുന്നെന്ന് ബജ്‌റംഗ്ദള്‍ പറയുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ബജ്‌റംഗ്ദള്‍ ക്രിസ്ത്യന്‍ പള്ളി കൈയേറിയത്. മതപരിവര്‍ത്തനത്തിനെതിരെ ഭജന നടത്തി തങ്ങളുടെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു എന്നാണ് ബജ്‌റംഗ്ദളിന്റെ വാദം.
അതേസമയം, തങ്ങള്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന ആരോപണം പള്ളി അധികാരികള്‍ തള്ളി.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകർ പള്ളിയില്‍ അതിക്രമിച്ച് കയറി തങ്ങളെ ആക്രമിച്ചെന്ന് പള്ളിയിലെ പാസ്റ്ററും, തങ്ങള്‍ ആക്രമിക്കപ്പെട്ടതായി ബജ്‌റംഗ്ദളും ആരോപിച്ചു.
പള്ളിയിലെ പാസ്റ്റര്‍ സോമുവിനെയും അദ്ദേഹത്തിന്റെ അനുയായികളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.