| Thursday, 5th January 2023, 11:40 am

പത്താന്‍ സിനിമക്കെതിരെ ബജ്‌റംഗ് ദള്‍ പ്രതിഷേധം; 'ജയ് ശ്രീറാം' വിളിച്ചുകൊണ്ട് ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഷാരൂഖ് ഖാന്റെ ‘പത്താന്‍’ സിനിമയുടെ പ്രമോഷനെതിരെ ബജ്റംഗ്ദള്‍ പ്രതിഷേധം. അഹമ്മദാബാദിലെ കര്‍ണാവതിയിലെ മാളില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു.

ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മാളിലേക്ക് അതിക്രമിച്ചുകയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാളിനകത്ത് അതിക്രമിച്ച് കയറിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ അധികൃതര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ കട്ടൗട്ടുകള്‍ നിലത്ത് വലിച്ചിട്ട് ചവിട്ടുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തു.

ബജ്‌റംഗ്ദള്‍ ഗുജറാത്ത് എന്ന വെരിഫൈഡ് അല്ലാത്ത ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അക്രമത്തിന്റെ വീഡിയോകള്‍ പുറത്തുവിട്ടിട്ടുള്ളത്.

‘ഇന്ന് കര്‍ണാവതിയില്‍ സനാതന ധര്‍മത്തിനെതിരായ പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മള്‍ട്ടിപ്ലക്‌സിന് മുന്നറിയിപ്പും ബജ്‌റംഗ് ദള്‍ കൊടുത്തിട്ടുണ്ട്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ബജ്‌റംഗ് ദള്‍ അതിന് മറുപടി നല്‍കും.

‘ധര്‍മയുടെ ബഹുമാനാര്‍ത്ഥം ബജ്റംഗ് ദള്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ ഒരിടത്തും പഠാന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബജ്‌റംഗ്ദള്‍ അനുവദിക്കില്ലെന്നും ട്വീറ്റില്‍ പറയുന്നു.

ഷാരൂഖ് ഖാനും ദിപീക പദുക്കോണും നായികാനായകന്‍മാരായ പത്താനിലെ ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തുവന്നതോടെയാണ് സിനിമ വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്.

ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ വസ്ത്രത്തിന്റെ നിറമാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യമുയരുകയും ഷാരൂഖ് ഖാന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് സിനിമയില്‍ മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡും ആവശ്യപ്പെടുകയായിരുന്നു. ഗാനരംഗങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്താനും പുതുക്കിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ പ്രസൂണ്‍ ജോഷി അറിയിച്ചത്.

Content Highlight: Bajrang Dal protest against ‘Pathaan’ movie in Ahmedabad mall

Latest Stories

We use cookies to give you the best possible experience. Learn more