| Sunday, 7th July 2024, 9:13 pm

'പള്ളിയുടെ സാന്നിധ്യം ലവ് ജിഹാദിലേക്ക് നയിക്കും'; ഛത്തീസ്ഗഡിൽ മസ്ജിദ് നിർമാണം തടഞ്ഞ് ​ബജ്റംഗ്ദൾ പ്രവർത്തകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂർ: പള്ളി നിർമിക്കുന്നത് ലവ് ജിഹാദിലേക്ക് നയിക്കുമെന്ന് അവകാശപ്പെട്ട് നിർമാണ പ്രവർത്തനം തടഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർ. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

പള്ളി പണിയുന്നതിനെതിരെ നാട്ടുകാരെ അണിനിരത്തി ബജ്റംഗ്ദൾ പ്രവർത്തകർ നടത്തിയ പ്രതിഷേധം പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുന്നതിന് കാരണമായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പള്ളിയുടെ സാന്നിധ്യം പ്രദേശത്ത് ലവ് ജിഹാദ്, കന്നുകാലി കശാപ്പ്, അനധികൃത ബംഗ്ലാദേശി കുടിയേറ്റം എന്നിവ വർധിക്കുന്നതിന് കാരണമാകുമെന്ന് അവകാശപ്പെട്ടാണ് സംഘം നിർമാണം തടഞ്ഞത്.

പള്ളി പണിയുന്ന പ്രദേശത്തിന് സമീപം ജനക്കൂട്ടത്തെ എത്തിച്ച് ​ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. നിർമാണം നിർത്തിയില്ലെങ്കിൽ പ്രദേശത്തെ സാമുദായിക സൗഹാർദ്ദം തകർക്കുമെന്നും ഇവർ ഭീഷണി മുഴക്കി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ പതിവാണ്. സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

Content Highlight: Bajrang Dal opposes mosque construction in Chhattisgarh, cites ‘love jihad’

We use cookies to give you the best possible experience. Learn more