കാൺപൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ബജ്റംഗ്ദൾ നേതാവ് ദിലീപ് സിങ് ബജ്‌റംഗിയെ അറസ്റ്റ് ചെയ്ത് പൊലീസ്. യുവതി പരാതി നൽകിയതിന് പിന്നാലെ ബജ്‌രംഗി തിങ്കളാഴ്ച ഗോവിന്ദ് നഗർ പൊലീസ് സ്റ്റേഷന് പുറത്ത് എത്തി മുഖത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നാലെ പൊലീസ് ബജ്‌രംഗിയെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ ഡി.സി.പി മഹേഷ് കുമാർ പറഞ്ഞു.
2024 നവംബർ അഞ്ചിന് , ബജ്‌രംഗി തന്നോട് പ്രണയം നടിക്കുകയും ഘണ്ടാഘറിലെ ഒരു ഹോട്ടലിൽ കൊണ്ടുപോയി വിവാഹത്തിൻ്റെ പേരിൽ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു സ്ത്രീ കലക്ടർഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തതായി കുമാർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ബജ്‌രംഗി തന്റെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌തതായും യുവതി പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. എന്നാൽ, പിന്നാലെ തന്നെ കാൺപൂരിലെ ബജ്‌റംഗ്ദളിൻ്റെ മുൻ ജില്ലാ കൺവീനറായിരുന്ന ബജ്‌രംഗി ഒളിവിൽ പോവുകയായിരുന്നു.
ഒളിവിൽ പോയ ബജ്‌രംഗി തൻ്റെ അനുയായികൾക്കും ബജ്‌റംഗ്ദൾ പ്രവർത്തകർക്കും ഒപ്പം ഗോവിന്ദ് നഗർ പൊലീസ് സ്റ്റേഷനിലെത്തി സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ സ്വയം തീകൊളുത്താൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
പൊലീസ് സ്റ്റേഷന് പുറത്ത് പൊതുജനങ്ങൾക്കിടയിലാണ് ബജ്‌രംഗി സ്വയം തീകൊളുത്താൻ ശ്രമിച്ചത്. തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസ്സം സൃഷ്ടിച്ചതിനും ആത്മഹത്യാശ്രമത്തിനും മറ്റൊരു എഫ്.ഐ.ആർ കൂടി പൊലീസ് ഫയൽ ചെയ്തു.
Content Highlight: Bajrang Dal leader held for raping woman in Kanpur