'ഭാരത് മാതാ കി ജയ് 'വിളിച്ചില്ല; പള്ളി മുറ്റത്ത് വെച്ച് മുസ്‌ലീം മധ്യവയസ്‌കന്റെ കരണത്തടിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ; വീഡിയോ കാണാം
India
'ഭാരത് മാതാ കി ജയ് 'വിളിച്ചില്ല; പള്ളി മുറ്റത്ത് വെച്ച് മുസ്‌ലീം മധ്യവയസ്‌കന്റെ കരണത്തടിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ; വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th July 2017, 3:30 pm

ചണ്ഡീഗഡ്: ഭാരത് മാതാ കി ജയ് എന്ന് വിളിച്ചില്ലെന്നാരോപിച്ച് മുസ്‌ലീം വ്യാപാരിയുടെ മുഖത്തടിച്ച് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍. ഹരിയാനയിലാണ് സംഭവം.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബജ് രംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു സംഭവം. കാശ്മീര്‍ താഴ്‌വരയിലെ തീര്‍ത്ഥാടകര്‍ക്കെതിരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ച് മുസ്‌ലീം പള്ളിക്ക് സമീപമായിരുന്നു ബജ് രംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

ഈ സമയത്താണ് ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരില്‍ നിന്നെത്തിയ ഇദ്ദേഹം പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി കയറിച്ചെല്ലുന്നത്. ഈ സമയത്ത് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ ഇദ്ദേഹത്തോടും തങ്ങള്‍ വിളിക്കുന്നതുപോലെ ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്നവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാതിരുന്നതോടെ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു.

ഉടന്‍ തന്നെ പള്ളി അധികാരികള്‍ എത്തി പള്ളിയുടെ പ്രധാനകവാടം അടയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ റാലിയില്‍ പങ്കെടുത്ത ഒരാള്‍ പോലും മുസ്‌ലീം വ്യാപാരിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ബജ്‌രംഗദള്‍ നേതാവ് പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ബജ് റംഗദള് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവരികയായിരുന്നു.

സംഭവത്തില്‍ റാലിയിലുണ്ടായിരുന്ന നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലളിത് കുമാര്‍ പറഞ്ഞു.