| Wednesday, 28th December 2022, 9:49 pm

കൂട്ട മതമാറ്റം നടക്കുന്നുവെന്ന ബജ്റംഗ് ദള്‍ പരാതി; ക്രൈസ്തവ കൂട്ടായ്മയുടെ പ്രാര്‍ത്ഥനാ സംഗമം യു.പി പൊലീസ് തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ കൂട്ടായ്മ നടത്തിയ പ്രാര്‍ഥനാ സംഗമം ബജ്റംഗ് ദള്‍ പരാതിയെ തുടര്‍ന്ന് പൊലീസ് തടഞ്ഞു. കൂട്ട മതംമാറ്റത്തിന് ശ്രമം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

രണ്ട് ഡസനോളം പേരെ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നുവെന്ന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പരാതിയില്‍ ആരോപിച്ചത്.

എന്നാല്‍ പ്രാര്‍ഥനാ സംഗമം നടക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയപ്പോള്‍ അവിടെ മതപരിവര്‍ത്തനം നടക്കുന്നതിന്റെ തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. പരിപാടിക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഹസ്രത്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭേര്‍ഹ ഗ്രാമത്തിലാണ് സംഭവം. കൂട്ട മതപരിവര്‍ത്തനമെന്ന ആരോപണം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കരംവീര്‍ സിങ് തള്ളിക്കളഞ്ഞു.

‘വിവരമറിഞ്ഞ് പൊലീസ് പന്തലില്‍ എത്തിയപ്പോള്‍ ഭജന നടക്കുകയായിരുന്നു. അനുമതിയില്ലാതെ നടത്തുന്നതായതിനാല്‍ പരിപാടി നിര്‍ത്തിച്ചു. അവിടെ തടിച്ചുകൂടിയ ആളുകളോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞു,’ എന്നാണ് കരംവീര്‍ സിങ് പറഞ്ഞത്.

പരിപാടി നടന്ന ഗ്രാമത്തില്‍ ഒരു ക്രിസ്ത്യന്‍ കുടുംബം പോലുമില്ലെന്നും എന്നിട്ടും എങ്ങനെയാണ് ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുന്നതെന്നും ബജ്റംഗ് ദള്‍ ജില്ലാ പ്രസിഡന്റ് പങ്കജ് ഗുപ്ത ആരോപിച്ചു.

പൊലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും ഒരു ഹിന്ദു കുടുംബം ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെന്നും മതപരിവര്‍ത്തനത്തെക്കുറിച്ച് തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും പങ്കജ് ഗുപ്ത അവകാശപ്പെട്ടു.

ബജ്റംഗ് ദള്‍ ഭാരവാഹികള്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ട് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും പങ്കജ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.

പൊലീസുമായും ഭരണകൂടവുമായും സംസാരിച്ചിട്ടുണ്ടെന്നും മതപരിവര്‍ത്തനം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് രാജീവ് ഗുപ്ത പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ജില്ലയിലും അനധികൃത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനയില്‍ ഉള്‍പ്പെട്ട 30 പേരടങ്ങുന്ന യുവാക്കളുടെ സംഘം വടികളുമായെത്തി ക്രിസ്മസ് പരിപാടിക്ക് നേരെയും ആക്രമണവും നടത്തിയിരുന്നു.

Content Highlight: Bajrang Dal complains of mass conversion; The UP Police stopped the prayer meeting of the Christian community

Latest Stories

We use cookies to give you the best possible experience. Learn more