Advertisement
national news
കേന്ദ്രമന്ത്രിയുടെ വാദം പച്ചക്കള്ളം; ഝാന്‍സിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 02, 02:43 am
Friday, 2nd April 2021, 8:13 am

 

ലഖ്നൗ: ഝാന്‍സിയില്‍ മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യു.പി പൊലീസ് അറിയിച്ചു. മജിസ്‌ട്രേറ്റ് പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രെയിനില്‍വെച്ചാണ് മലയാളികളുള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ അതിക്രമത്തിനിരയായത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു പറഞ്ഞത്. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഝാന്‍സിയില്‍ രാത്രി എട്ട് മണിക്ക് കന്യാസ്ത്രീകളെ ഇറക്കി വിട്ടതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ ലഭ്യമായിരിക്കെയാണ് കേന്ദ്രമന്ത്രി പീയുഷ് ഘോയാല്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞത്.

സംഭവം വിവാദമായപ്പോള്‍ ആക്രമിച്ചു എന്ന് പറഞ്ഞപ്പോള്‍ ആരും കയ്യേറ്റം ചെയ്തില്ല എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

മാര്‍ച്ച് 19നാണ് ദല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ദല്‍ഹിയില്‍ നിന്നും വരികയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സാധാരണ വസ്ത്രവും കന്യാസ്ത്രീകള്‍ സഭാവസ്ത്രത്തിലുമായിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.

ഝാന്‍സി എത്താറായപ്പോള്‍ ട്രെയ്നിലെ ചിലര്‍ ഇവരുടെ അടുത്തെത്തി പ്രശ്നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ കന്യാസ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിക്കുകയാണമെന്നായിരുന്നു അക്രമികളുടെ ആരോപണം. തങ്ങള്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞെങ്കിലും ഇവര്‍ അംഗീകരിച്ചില്ല.

ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നീ മുദ്രാവാക്യം വിളികളും ഭീഷണികളുമായി കൂടുതല്‍ പേരെത്തുകയായിരുന്നു. ഝാന്‍സി സ്റ്റേഷനിലെത്തിയപ്പോള്‍ യു.പി പൊലീസെത്തി കന്യാസ്ത്രീകളോടും വിദ്യാര്‍ത്ഥികളോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.

അപ്പോഴേക്കും സ്റ്റേഷനില്‍ നൂറ്റമ്പതോളം ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെത്തിയിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിക്കാതെ പൊലീസ് കന്യാസ്ത്രീ സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പൊലീസില്ലാതെ വരാനാകില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ലെന്നും ആധാര്‍ കാര്‍ഡും മറ്റും രേഖകളും കാണിച്ചെങ്കിലും രാത്രി 11 മണിക്ക് ശേഷമായിരുന്നു സ്റ്റേഷനില്‍ നിന്നും ബിഷപ്പ് ഹൗസിലേക്ക് വിട്ടയച്ചതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

ശനിയാഴ്ചയാണ് പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര.

സംഭവത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷ പ്രതികരണവുമായി കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍) കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും കേരള സര്‍ക്കാര്‍ ഇടപെടണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടിരുന്നു. ട

വിഷയത്തില്‍ കേരള സര്‍ക്കാരും ദേശീയ വനിത കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണം. ഉത്തര്‍പ്രദേശില്‍ മാത്രമുള്ള മതംമാറ്റ നിരോധന നിയമം സന്യാസിനിമാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കെ.സി.ബി.സി പറഞ്ഞിരുന്നു.

യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന സുരക്ഷിതത്വത്തെയും ഭരണഘടന നല്‍കുന്ന പൗരാവകാശത്തെയും ചോദ്യം ചെയ്യുന്നതാണ് സംഭവമെന്നും കെ.സി.ബി.സി പറഞ്ഞു. റെയില്‍വേയും കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bajrang Dal attack on Kerala nuns; 2 arrested