| Tuesday, 11th October 2022, 1:03 pm

'കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നമസ്‌കരിച്ചത് തെറ്റ്'; സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആക്രമിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുവിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആക്രമിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. കോളേജ് പരിസരത്ത് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ നമസ്‌കരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ കോളേജിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ കോളേജില്‍ നിന്നും ഇറങ്ങിയത്.

കാമ്പസുകളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ രാജ്യത്ത് നിയമപരമായ നടപടികളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോളേജിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

ഏതാനും രക്ഷിതാക്കള്‍ ആണ് വിവരമറിയിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കോളേജിലെത്തിയതെന്നുമാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വാദം. കോളേജും പരിസരവും പൊതു സ്ഥലമാണെന്നും അവിടെ ഇത്തരത്തില്‍ മതപരമായ ആചാരങ്ങള്‍ നടത്തുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.

അതേസമയം പൊതുസ്ഥലങ്ങളില്‍ മതപരമായ ആചാരങ്ങള്‍ നടത്തുന്നത് ജമ്മുവില്‍ നിയമപ്രകാരം കുറ്റമല്ലെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മു കശ്മീരില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസുകളില്‍ പ്രാര്‍ത്ഥിക്കുന്നത് സാധാരണമാണ്. നേരത്തെ ഉത്തര്‍പ്രദേശിലെ ലുലുമാളില്‍ നമസ്‌കരിച്ചതിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു. ജമ്മുവിലെ കോളേജില്‍ നടത്തിയ റെയ്ഡ് ഉത്തര്‍പ്രദേശ് മോഡല്‍ വീണ്ടും സ്ഥാപിക്കാനുള്ള ശ്രമമാണോ എന്നാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫിര്‍ദൗസ് തക് പറഞ്ഞത്.

അതേസമയം ഹിന്ദുത്വവാദികള്‍ കോളേജിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ ചിതറിക്കിടക്കുന്ന പായകളും തൊപ്പികളും കാണാമെങ്കിലും ആരും നമസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങളില്ല. പായകള്‍ ആരാണ് അവിടെ വെച്ചതെന്നത് അറിയില്ലെന്ന് കോളേജ് അധികൃതരും വ്യക്തമാക്കിയിരുന്നു.

‘നമസ്‌കരിച്ചു എന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണത്തില്‍ സത്യമില്ല. കോളേജിലെ പ്രവര്‍ത്തനങ്ങളെല്ലാം സൗഹാര്‍ദ്ദപരമാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സംസാരിച്ചിരുന്നു. അങ്ങനെയൊന്നും സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല,’ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശശി സുധന്‍ പറയുന്നു.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോളേജ് വളപ്പിലേക്ക് കയറിയതിന് പിന്നാലെയാണ് പൊലീസ് എത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.

കോളേജ് മാനേജ്മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും എതിരെ നടപടി വേണമെന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ പൊലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയായിരുന്നുവെന്നും ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം നമസ്‌കരിച്ചത് നിഷേധിച്ച കോളേജ് അധികൃതര്‍ നാളെ ബോംബ് വെച്ചാലും സമാന രീതിയില്‍ പ്രതികരിക്കുമെന്നായിരുന്നു ബജ്‌റംഗ്ദളിന്റെ പ്രതികരണം.

Content Highlight Bajrang Dal activists stormed into ayurveda college in jammu claimin students did namaz in college

We use cookies to give you the best possible experience. Learn more