| Sunday, 19th March 2023, 5:44 pm

'ഹിന്ദുത്വ സംസ്‌കാരത്തിന് എതിര്'; പാര്‍ട്ടിക്കിടെ സ്ത്രീകളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശിവമോഗ: കര്‍ണാടകയില്‍ ക്ലബ് പാര്‍ട്ടിയില്‍ നിന്ന് സ്ത്രീകളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ശിവമോഗയിലെ ക്ലിഫ് എംബസിയില്‍ വെച്ചുനടന്ന പാര്‍ട്ടിക്കിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തുകയും പാര്‍ട്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഴുപതോളം പേരായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.

ലേഡീസ് നൈറ്റ് എന്ന ഉദ്ദേശത്തോടെയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടി ഹിന്ദുത്വ സംസ്‌കാരത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.

‘സ്ത്രീകള്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് ഹിന്ദുത്വ സംസ്‌കാരത്തിന് എതിരാണ്. ഇത്തരം സംഭവങ്ങള്‍ ശിവമോഗയില്‍ നടക്കാന്‍ ബജ്‌റംഗ്ദള്‍ അനുവദിക്കില്ല,’ ബജ്‌റംഗ്ദള്‍ നേതാവ് രാജേഷ് ഗൗഡ പറഞ്ഞു.

പാര്‍ട്ടിയില്‍ സ്ത്രീകള്‍ ധരിച്ച വസ്ത്രത്തേയും ഗൗഡ പരാമര്‍ശിച്ചിരുന്നു. പാര്‍ട്ടിയെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ തങ്ങള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും പൊലീസാണ് പാര്‍ട്ടി നിര്‍ത്തിവെപ്പിച്ചതെന്നും ഗൗഡ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി നിയമം കയ്യിലെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടി നടക്കുന്ന ക്ലബിലേക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ബജ്‌റംഗ്ദറള്‍ പ്രവര്‍ത്തകരും പൊലീസും ക്ലബില്‍ കയറുകയും പാര്‍ട്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഹോട്ടല്‍ സ്റ്റാഫ് പറയുന്നുണ്ട്. പാര്‍ട്ടി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയതാണെന്നും അനധികൃതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

Content Highlight: Bajrang Dal activists stop ‘Ladies Night’ event in plush hotel in Shivamogga

We use cookies to give you the best possible experience. Learn more