|

'കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബജ്‌റംഗ് ദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കര്‍ണാടകയില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ വധ ഭീഷണി. ബി.ജെ.പിയുടെ നിലിന്‍ കുമാര്‍ കട്ടീലിനോട് തോറ്റ മിഥുന്‍ റായ്ക്കു നേരെയാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയത്.

മിഥുന്‍ റായ്‌ക്കെതിരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറയായിട്ടുണ്ട്.

ദക്ഷിണ കന്നഡ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയാണ് മിഥുന്‍ റായ്. സംഭവത്തില്‍ എസ്.പി ബി.എം ലക്ഷ്മി പ്രസാദിന് മിഥുന്‍ റായ് പരാതി നല്‍കി. തുടര്‍ന്ന് ബന്ത്‌വാല്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മംഗളൂരുവിലെ ബഡകാബൈലില്‍ നടന്ന പ്രകടന റാലിയിലാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മിഥുനെതിരെ കൊലവിളി നടത്തിയത്. ‘കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും’ എന്നായിരുന്നു ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ കൊലവിളി.

ബജ്‌റംഗ് ദളിന്റെ വധഭീഷിണിയെ പേടിക്കുന്നില്ലെന്ന് മിഥുന്‍ പറഞ്ഞു. ‘ഞാന്‍ മംഗളൂരുവിലെ പാര്‍ട്ടി ഓഫീസിലുണ്ട്. അവര്‍ ഇങ്ങോട്ടു വരട്ടെ’- മിഥുന്‍ പ്രതികരിച്ചു.

അതേസമയം, ആര്‍ക്കുനേരേയും അക്രമം അഴിച്ചുവിടുന്നത് ബജ്‌റംഗ് ദള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന് ബജ്‌റംഗ് ദള്‍ സംസ്ഥാന മുന്‍ പ്രസിഡന്റ് ശരണ്‍ പംപ്‌വെല്‍ പറഞ്ഞു.

‘അവര്‍ കളിയാക്കി പറഞ്ഞതാവും. ഇത്തരത്തില്‍ കളിയാക്കലുകള്‍ പാടില്ല എന്ന് അവരെ വിളിച്ച് ഉപദേശിക്കുന്നുണ്ട്’- ശരണ്‍ പറഞ്ഞു. വീഡിയോയിലുള്ളത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണോ എന്ന് പരിശോധിക്കുമെന്നും ശരണ്‍ കൂട്ടിച്ചേര്‍ത്തു.