| Wednesday, 7th September 2022, 2:12 pm

രണ്‍ബീര്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി; ഉജ്ജെയിന്‍ ക്ഷേത്രത്തില്‍ നിന്ന് താരദമ്പതികളെ വിലക്കി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഫിനെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രണ്‍ബീര്‍-ആലിയ ദമ്പതികളെ ക്ഷേത്രത്തില്‍ കേറുന്നതില്‍ നിന്ന് വിലക്കി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് ഇരുവരേയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിലക്കിയത്. ബജ്റംഗ്ദള്‍ പ്രാദേശിക നേതാവായ അങ്കിത് ചൗബേയുടെ നേതൃത്വത്തിലെത്തിയ സംഘമായിരുന്നു താരദമ്പതികളെ വിലക്കിയത്.

2011ല്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയ ബീഫിനെ കുറിച്ചുള്ള പരാമര്‍ശത്തെ ഉയര്‍ത്തിപ്പിടിച്ചാണ് 2022ല്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. നേരത്തെ രണ്‍ബീര്‍ നായകനായ ബ്രഹ്മാസ്ത്ര നിരോധിക്കണമെന്ന ആവശ്യവുമായും ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ ഇരുവരും ക്ഷേത്രത്തിലെത്താതെ മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ബ്രഹ്മാസ്ത്രയുടെ സംവിധായകനായ അയാന്‍ മുഖര്‍ജി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ബ്രഹ്മാസ്ത്ര: പാര്‍ട്ട് വണ്‍- ശിവ തിയേറ്ററുകളിലെത്തുന്നത്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മഹാകല്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു.

ആലിയ-രണ്‍ബീര്‍ ദമ്പതികളെ തടഞ്ഞതിന് പിന്നാലെ പ്രദേശത്ത് പൊലീസും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും ഏറ്റുമുട്ടി.

രണ്‍ബീര്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ബീഫ് കഴിക്കുന്ന വ്യക്തിയെ ഒരുകാരണവശാലും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും സംഘം പറഞ്ഞു.ഇതിനിടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശിയിരുന്നു.

തങ്ങള്‍ സമാധാനപരമായി താരദമ്പതികള്‍ക്ക് നേരെ കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വാദം.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് രണ്‍ബീര്‍ കപൂറിന്റെ വരാനിരിക്കുന്ന ചിത്രം. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയിരിക്കുന്നത്.

നന്ദി അസ്ത്ര, വാനാരാസ്ത്ര, പ്രഭാസ്ത്ര, പവനാസ്ത്ര, ഗജാസ്ത്ര, നാഗ് ധനുഷ്, ജലാസ്ത്ര, ആഗ്‌നേയാസ്ത്ര എന്നിങ്ങനെ എട്ട് അസ്ത്രങ്ങളെയാണ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ പ്രൊമോ വീഡിയോയില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും മുതല്‍മുടക്കുള്ള ഹിന്ദി ചിത്രമാണ് ബ്രഹ്മാസ്ത്ര എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Content Highlight: Bajrang Dal activists blocked Ranbir Kapoor and Alia Bhatt from entering the temple in Ujjain

We use cookies to give you the best possible experience. Learn more