ന്യൂദല്‍ഹി: ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ ആയില്ലെന്നും സമരം തുടരുമെന്നും ഗുസ്തി താരം ബജ്‌റംഗ് പൂനിയ.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം ആരോടും വെളിപ്പെടുത്തരുതെന്നാണ് തങ്ങളോട് സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ ഇക്കാര്യം അവര്‍ തന്നെ പുറത്തുവിട്ടെന്നും പൂനിയ എന്‍.ഡി.ടി.വിയോട് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നാണ് അമിത് ഷാ തങ്ങളെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമരം അവസാനിച്ചിട്ടില്ലെന്നും തുടരുമെന്നും പൂനിയ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തങ്ങള്‍ സംതൃപ്തരല്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായോട് എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ചതായി പൂനിയ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നും ഉടനടി നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയതായി പൂനിയ പറഞ്ഞു. നടപടി ഉണ്ടാകുമെന്ന ഉറപ്പില്‍ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരായ പരാതി പിന്‍വലിച്ചെന്ന വാര്‍ത്ത പൂനിയ തള്ളി. പെണ്‍കുട്ടിയുടെ പിതാവിനെ വിശ്വസിക്കാനും അത്തരം തെറ്റായ വാര്‍ത്തകള്‍ തള്ളാനും പൂനിയ പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഉടനടി നടപടിയെടുക്കണമെന്നും ഗുസ്തി താരങ്ങള്‍ ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ആയിരിക്കുമെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അമിത് ഷാ താരങ്ങളോട് പറഞ്ഞതായാണ് വിവരം.
അതേസമയം, സര്‍ക്കാരിന്റെ അവഗണനയിലും പൊലീസ് നടപടികളിലും മനംനൊന്ത് താരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹരിദ്വാറില്‍ എത്തിയ താരങ്ങളെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ കൂടിക്കാഴ്ച.
Content Highlight: Bajrag Punia about meeting with Amit shah