Autobeatz
കുറഞ്ഞ പ്രൈസ് ടാഗുമായി ബജാജിന്റെ ഡിസ്‌കവര്‍ 110 എത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 08, 01:30 pm
Monday, 8th January 2018, 7:00 pm

ബജാജിന്റെ ഡിസ്‌കവര്‍ 110 ഈ മാസം അവസാനത്തോടെ വിപണിയില്‍ അവതരിക്കുന്നത് മോഹവിലയുമായി. 50500 എക്‌സ്‌ഷോറൂം വിലയില്‍ സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഡിസ്‌കവര്‍ 110 ന്റെ വരവ്. ബജാജിന്റെ കമ്യൂട്ടര്‍ വിഭാഗത്തില്‍ പെട്ട പ്ലാറ്റിന 100 നും ഡിസ്‌കവര്‍ 125 നും ഇടയിലായിരിക്കും ഡിസ്‌കവര്‍ 110 ന്റെ സ്ഥാനം. ഡിസ്‌കവര്‍ 125ന്റേതിനു സമാനമായ രൂപത്തിലും ഭാവത്തിലുമാണ് പുതിയ 110 സിസി ഡിസ്‌കവറും വിപണിയിലെത്തുക.

ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മാറ്റ് ബ്ലാക് അലോയ് വീലുകള്‍, ബ്ലാക്ഡ്-ഔട്ട് എഞ്ചിന്‍, ക്രോം മഫ്‌ളര്‍ കവര്‍സില്‍വര്‍, സൈഡ് പാനലുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ഡിസ്‌കവര്‍ 110ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസ്‌കവര്‍ 125 ല്‍ നിന്നും വ്യത്യസ്തമായി ഇരു ടയറുകളിലും ഡ്രം ബ്രേക്കുകളാണുള്ളത്.

പുതുക്കിയ 110 സിസി എയര്‍-കൂള്‍ഡ്, ഡിടിഎസ്-ഐ എഞ്ചിനായിരിക്കും ബജാജ് ഡിസ്‌കവര്‍ 110ന് കരുത്തേകുക. 8.5ബി.എച്ച്.പി കരുത്തും 9.5എന്‍.എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപപ്പിക്കുക. എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും. പുതുക്കിയ എഞ്ചിന്‍ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഇന്ധനക്ഷമതയാണ് ഡിസ്‌കവര്‍ 110 കാഴ്ചവെക്കുക എന്നാണ് കമ്പനിയുടെ അവകാശവാദം.

പുതിയ ഗ്രാഫിക്‌സോടെ എത്തുന്ന മോട്ടോര്‍സൈക്കിളില്‍, ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, ഗ്യാസ്-ചാര്‍ജ്ഡ് ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും സാന്നിധ്യമറിയിക്കും.

ഹീറോ പാഷന്‍, പാഷന്‍ എക്‌സ്‌പ്രോ, ടി.വി.എസ് വിക്ടര്‍ 110 എന്നിവയായിരിക്കും ബജാജ് ഡിസ്‌കവര്‍ 110 ന്റെ പ്രധാന എതിരാളികള്‍.