ബജാജിന് വിപണിയില്‍ ഒരു പേരുണ്ടാക്കിക്കൊടുക്കുന്നതിന് കാരണവായ ഇരുചക്രവാഹന ശ്രേണിയാണ് പള്‍സര്‍. ഈ ശ്രേണിയില്‍ എതിരാളികള്‍ പലരും വന്നുവെങ്കിലും പള്‍സറിന്റെ സിംഹാസനം ഇളക്കം തട്ടാതെ ഇന്നുമുണ്ട്. ഇപ്പോഴിതാ പള്‍സര്‍ ശ്രേണിയിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നു.
കരുത്തുറ്റ 400 സിസി പള്‍സര്‍ സി.എസ് 400 ആണ് ബജാജ് പുതുതായി വിപണിയിലെത്തിക്കുന്നത്. എന്‍ട്രിലെവല്‍ പെര്‍ഫോര്‍മന്‍സ് ബൈക്ക് വിഭാഗത്തിലേക്ക് ബജാജിന്റെ പ്രവേശനം കുറിക്കുകയാണ് പള്‍സര്‍ സി.എസ് 400 അഥവാ ക്രൂയിസര്‍ സ്‌പോര്‍ട്ട് 400. വാഹനപ്രേമികള്‍ ഏറെ കാത്തിരുന്ന ഈ കരുത്തന്‍ ഇതാ ഈ മാസം നിരത്തിലെത്തുകയാണ്. ബജാജിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവുമധികം ഡിസ്‌പ്ലെയ്‌സ്‌മെന്റുള്ള ബൈക്കാണ് സി.എസ് 400.
കെ.ടി.എം ഡ്യൂക്ക് 390 മോഡലിനെ അടിസ്ഥാനമാക്കിയാണ് സി.എസ് 400 രൂപം കൊണ്ടിട്ടുള്ളത്. 373.2 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ്. 3543 ബി.എച്ച്.പിയാണ് കരുത്ത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍. 175 കിലോമീറ്ററാണ് പരമാവധി വേഗത, 30 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്‌സ്, മോണോഷോക്ക് സസ്‌പെന്‍ഷന്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എ.ബി.എസ് തുടങ്ങിയ സവിശേഷതകളും ഉണ്ട്. സ്‌റ്റൈലിന്റെ കാര്യത്തിലും ബജാജിന്റെ സ്റ്റാറായിരിക്കും സി.എസ് 400, ഹാലജന്‍ ഹെഡ്‌ലാമ്പുകളും ഇരട്ട പാനലില്‍ നിര്‍മിച്ച ബാക്ക് എല്‍.ഇ.ഡി ലൈറ്റും സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതാണ്. 1.50 ലക്ഷത്തിനും 1.80 ലക്ഷത്തിനും ഇടയില്‍ വില പ്രതീക്ഷിക്കുന്നു.