സൗജന്യ ഇന്‍ഷുറന്‍സ്; ബൈക്ക് വാങ്ങാനൊരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബജാജ്
Autobeatz
സൗജന്യ ഇന്‍ഷുറന്‍സ്; ബൈക്ക് വാങ്ങാനൊരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബജാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2018, 7:42 pm

പുതുതായി ബൈക്ക് വാങ്ങാനൊരുങ്ങുന്നവരെ ലക്ഷ്യമിട്ട് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പുതുവര്‍ഷ സമ്മാനം. പുതുതായി വാങ്ങുന്ന തെരഞ്ഞെടുത്ത മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സുമായാണ് ബജാജ് ഓട്ടോ ലിമിറ്റഡ് രംഗത്തെത്തിയിരിക്കുന്നത്.

1300 മുതല്‍ 2000 രൂപ വരെ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പോളിസികളാണ് തെരഞ്ഞെടുത്ത പത്ത് മോഡലുകള്‍ക്ക് കമ്പനി സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്.

“പ്ലാറ്റിന”, “ഡിസ്‌കവര്‍ 125″(ഡ്രം, ബ്രേക്ക് പതിപ്പുകള്‍), “വി 12”, “വി 15”, “അവഞ്ചര്‍ 150 സ്ട്രീറ്റ്”, “പള്‍സര്‍ 135”, “പള്‍സര്‍ 150”, “പള്‍സര്‍ 180”, “പള്‍സര്‍ എന്‍ എസ് 160” എന്നിവ വാങ്ങുന്നവര്‍ക്കാണ് ആദ്യ വര്‍ഷത്തെ ഇന്‍ഷുറന്‍സ് സൗജന്യമായി ലഭിക്കുക. അതേസമയം ജനുവരി 15 വരെയാണ് ഈ ഓഫര്‍ പ്രാബല്യത്തിലുണ്ടാവുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പുതിയ പള്‍സര്‍ 135 മോഡലിന്റെ ഇന്‍ഷുറന്‍സിന് 1,500 രൂപയും 150 മോഡലിന് 1,700 രൂപയും 180 പള്‍സറിന് 2,000 രൂപയുമാണ് ചെലവ്. പ്ലാറ്റിന മോഡല്‍ വാങ്ങുന്നവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സിലൂടെ 1,300 രൂപയുടെ ലാഭമാണു ലഭിക്കുക. ഡിസ്‌കവര്‍ 125 ബൈക്കിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം 1400 രൂപയാണ്.

വി 12, വി 15 ബൈക്കുകളുടെ ഇന്‍ഷുറന്‍സ് ചെലവ് 1,500 രൂപയുമാണ്. അവഞ്ചര്‍ 150 സ്ടീറ്റിന്റെ ഇന്‍ഷുറന്‍സിന് 1,700 രൂപ മുടക്കണം. പള്‍സര്‍ എന്‍ എസ് 160 ബൈക്കിന്റെ ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് ചെലവ് 1,900 രൂപയാണ്.

ഡല്‍ഹിയില്‍ പ്രാബല്യത്തിലുള്ള നിരക്കുകളാണ് ഇവയൊക്കെയും. അതുകൊണ്ട്തന്നെ സംസ്ഥാനാടിസ്ഥാനത്തില്‍ ഈ നിരക്കുകളില്‍ ചില്ലറ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാം.