| Sunday, 3rd July 2022, 8:37 pm

ബെയര്‍സ്‌റ്റോയെയും ഹള്‍ക്കിനെയും ഒരിക്കലും ദേഷ്യം പിടിപ്പിക്കരുത്, കാരണം ദേഷ്യം പിടിച്ചാല്‍ മുന്നിലുള്ളവന്റെ കട്ടേം പടോം മടങ്ങും

ആദര്‍ശ് എം.കെ.

ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിന്റെ രണ്ടാം ദിവസം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബൗളേഴ്‌സ് ആറാടുകയായിരുന്നു. ബുംറയും സിറാജും ഷമിയും ഷര്‍ദുല്‍ താക്കൂറും നിറഞ്ഞാടിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഒന്നൊഴിയാതെ പുറത്തായി.

ഇന്ത്യന്‍ പേസര്‍മാര്‍ എഡ്ജ്ബാസ്റ്റണ്‍ ഭരിച്ചപ്പോള്‍ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന ആറ്റിറ്റിയൂഡുമായി ഒരറ്റത്ത് നിന്നും ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ.

ന്യൂസിലാന്‍ഡിനെതിരെ താന്‍ അടിച്ചുകൂട്ടിയ റണ്‍സ് ഇന്ത്യക്കെതിരെയും നേടാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ ബൗളര്‍മാരെ തനിക്ക് ഭയമില്ലെന്ന് ഗ്രെയം സ്വാന്‍ അടക്കമുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്ത ഇന്നിങ്‌സായിരുന്നു ബെയര്‍സ്‌റ്റോയുടെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ പേസര്‍മാരുടെ ലൈനും ലെങ്തും മനസിലാക്കാനാവാതെ ഉഴറിയിരുന്ന ബെയര്‍‌സ്റ്റോ ആയിരുന്നു ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ പകുതിയിലെങ്കില്‍ രണ്ടാം പകുതിയില്‍ താരം അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു.

ഒരു സമയത്ത് 61 പന്തില്‍ നിന്നും 13 റണ്‍സുമായി കളിരീതി പോലും മറന്ന ബെയര്‍‌സ്റ്റോ തന്നെയായിരുന്നു ഇംഗ്ലണ്ടിനെ ഫോളോ ഓണില്‍ നിന്നും കരകയറ്റിയത്. അതിന് കാരണക്കാരനാവട്ടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും.

വെറുതെ നിന്ന ബെയര്‍സ്‌റ്റോയെ ഒന്ന് ചൊറിഞ്ഞേക്കാം എന്ന കോഹ്‌ലിയുടെ ചിന്തയായിരുന്നു ബെയര്‍സ്‌റ്റോയുടെ ശൈലിയെ തന്നെ മാറ്റി മറിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കവെ മറുവശത്ത് നിലയുറപ്പിച്ച് ആങ്കറിങ് ഇന്നിങ്‌സ് കളിച്ചുകൊണ്ടിരുന്ന ബെയര്‍സ്‌റ്റോ പിന്നെയങ്ങോട്ട് ഗിയര്‍ മാറ്റുകായിരുന്നു.

യഥാര്‍ത്ഥത്തില്‍ കോഹ്‌ലിയുടെ സ്ലെഡ്ജിങ് തന്നെയായിരുന്നു ബെയര്‍സ്‌റ്റോയെ ഒന്നാകെ മാറ്റിമറിച്ചത്. പിന്നീടങ്ങോട്ട് ടി-20 ബയര്‍സ്‌റ്റോയെയായിരുന്നു എഡ്ജ്ബാസ്റ്റണ്‍ കണ്ടത്.

ശേഷം, മാര്‍വല്‍ സൂപ്പര്‍ ഹീറോ ഹള്‍ക്കിന്റെ തനിപ്പകര്‍പ്പായിരുന്നു ബെയര്‍‌സ്റ്റോ. ദേഷ്യം പിടിക്കുന്നതിനനുസരിച്ച് ശക്തനാവുന്ന ഹള്‍ക്കിനെ പോലെ മുന്നില്‍ കണ്ട ബൗളര്‍മാരെയെല്ലാം ബെയര്‍സ്‌റ്റോ തച്ചുതകര്‍ക്കുകയായിരുന്നു.

ഇതുകണ്ടപ്പോള്‍, വെറുതെ അവനെ ദേഷ്യം പിടിപ്പിക്കേണ്ടായിരുന്നു എന്നുപോലും കോഹ്‌ലിക്ക് തോന്നിക്കാണണം.

എന്നാലിപ്പോള്‍, ബെയര്‍സ്‌റ്റോയുടെ ബാറ്റിന്റെയും ദേഷ്യത്തിന്റെയും ചൂടറിഞ്ഞ ന്യൂസിലാന്‍ഡ് ടീമിന്‍റെ അവസ്ഥ വെളിവാക്കി സൂപ്പര്‍ താരം ജിമ്മി നീഷവും രംഗത്തെത്തിയിട്ടുണ്ട്. ബെയര്‍സ്‌റ്റോയെ ദേഷ്യം പിടിപ്പിക്കുന്നത് അപകടകരമാണെന്നറിഞ്ഞിട്ടും എന്തിനാണ് എതിരാളികള്‍ അവനെ ദേഷ്യം പിടിപ്പിക്കുന്നത് എന്നായിരുന്നു നീഷമിന് അറിയേണ്ടിയിരുന്നത്.

ഇതിന് പുറമെ ബെയര്‍‌സ്റ്റോ ബാറ്റ് ചെയ്യുമ്പോളെല്ലാം തന്നെ അവനെ സന്തോഷവാനാക്കി നിര്‍ത്താന്‍ എതിരാളികള്‍ക്ക് ഒരു ഉപദേശവും നീഷം നല്‍കുന്നുണ്ട്.

ചേതേശ്വര്‍ പൂജാരയുടെ ഇന്നിങ്‌സ് കളിച്ചുകൊണ്ടിരുന്നവനെ പിരികേറ്റി റിഷബ് പന്തിന്റെ ഇന്നിങ്‌സ് കളിപ്പിക്കുകയായിരുന്നു എന്നായിരുന്നു സേവാഗിന് ഇക്കാര്യത്തില്‍ പറയാനുണ്ടായിരുന്നത്.

കോഹ്‌ലിയുടെ സ്ലെഡ്ജിങ്ങിന് മുമ്പേ ബെയര്‍‌സ്റ്റോയുടെ സ്‌ട്രൈക്ക് റേറ്റ് 21 ആയിരുന്നെന്നും എന്നാല്‍ സ്ലെഡ്ജിങ്ങിന് ശേഷം അത് 150ലേക്കുയര്‍ന്നുവെന്നും സേവാഗ് ചൂണ്ടിക്കാണിക്കുന്നു.

ഒടുവില്‍ വിരാടിന്റെ കൈകളിലേക്ക് തന്നെ പന്തടിച്ച് ഔട്ടായപ്പോഴും തല ഉയര്‍ത്തി തന്നെയായിരുന്നു താരം മടങ്ങിയത്. 140 പന്തില്‍ നിന്നും 106 റണ്‍സുമായാണ് ബെയര്‍സ്‌റ്റോ പവലിയനിലേക്ക് തിരികെ നടന്നത്.

ഒടുവില്‍ 280 റണ്‍സില്‍ എല്ലാ വിക്കറ്റും നഷ്ടമായി 157 റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് സമ്മാനിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിലേക്ക് കടന്നിരിക്കുന്നത്.

ഒരു കാര്യം മാത്രമാണ് ഇനി ഇന്ത്യന്‍ താരങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. രണ്ടാം ഇന്നിങ്‌സിലെങ്കിലും ബെയര്‍‌സ്റ്റോയെ ദേഷ്യം പിടിപ്പിക്കാതിരിക്കുക, കഴിയുമെങ്കില്‍, അവനെ ഹാപ്പി ആയി വിട്ടേക്കുക. അല്ലാത്തപക്ഷം ഒരുപക്ഷേ കൈപ്പിടിയിലുള്ള പരമ്പര തന്നെ കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്.

Content Highlight: Bairstow’s Incredible Innings After Virat Kohli’s Sledging

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more