ലക്‌നൗ: വീണ്ടും വര്‍ഗ്ഗീയ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്നും ഈ തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള മത്സരമാണെന്നുമാണ് യു.പി.യിലെ ബി.ജെ.പി എം.എല്‍.എ ആയ സുരേന്ദ്രസിംഗ് പറഞ്ഞത്.
രാജ്യത്തെ ഹിന്ദുവും മുസ്‌ലിമും തമ്മിലുള്ള മത്സരമായിരിക്കും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. അതുകൊണ്ടു തന്നെ ഭഗവാന്റെ(ഹിന്ദുക്കളുടെ) കൂടെ നില്‍ക്കണോ അതോ മുസ്‌ലിമിന്റെ പക്ഷം ചേരണോ എന്ന് നിങ്ങള്‍ തീരുമാനിക്കുക. രാജ്യത്തോട് സത്യസന്ധത തീരെയില്ലാത്ത മുസ്‌ലിങ്ങള്‍ ജയിക്കണോ അതോ സത്യസന്ധനായ മോദി പക്ഷം വിജയിക്കണോ എന്ന വേഗം തീരുമാനിക്കേണ്ടതാണെന്നാണ്- സുരേന്ദ്ര സിംഗ് പറഞ്ഞു.
യു.പിയിലെ ബൈറയില്‍ വച്ചു നടന്ന പൊതു റാലിയിലാണ് ബി.ജെ.പി എം.എല്‍.എ യുടെ വിവാദ പ്രസ്താവന. റാലിയില്‍ വച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെതിരെയും സുരേന്ദ്രസിംഗ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ളവര്‍ മുസ്‌ലിം അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയവരാണ്. അവരുടെ പ്രധാന യജമാനന്‍മാര്‍ ഇറ്റലിയില്‍ നിന്നുള്ളവരുമാണ്. ഇവരെല്ലാം രാജ്യത്തെ ദേശവിരുദ്ധതയ്ക്ക് നേതൃത്വം നല്‍കാനാണ് ശ്രമിക്കുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള ഭരണത്തെ ഇല്ലാതാക്കാന്‍ ജനങ്ങള്‍ ഒത്തുചേരണമെന്നും സുരേന്ദ്രസിംഗ് പറഞ്ഞു.
ലോക്‌സഭയില്‍ ഇരിപ്പുറയ്ക്കാത്തയാളാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ ആഴ്ചയും ഇറ്റലിയില്‍ സന്ദര്‍ശനം നടത്തുന്ന രാഹുലിനെപ്പോലുള്ളവര്‍ക്ക് ഇന്ത്യയുടെ ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ കഴിയില്ലെന്നും എം.എല്‍.എ പറഞ്ഞു.