national news
'ഗുജ്ജര്‍ സംവരണം നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രക്ഷോഭം നേരിടാന്‍ ഒരുങ്ങിക്കോളു'; ഗെലോട്ടിനോട് ഗുജ്ജര്‍ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 18, 05:04 am
Sunday, 18th October 2020, 10:34 am

ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗം.

ഇതു സംബന്ധിച്ച തീരുമാനം ഉടനെടുക്കണമെന്ന് ഗുജ്ജര്‍ സമുദായ നേതാവ് കിരോറി സിംഗ് ബെയ്ന്‍സ്ല രാജസ്ഥാന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.

തങ്ങള്‍ക്ക് മതിയായ സംവരണ പദ്ധതികള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സിംഗ് പറഞ്ഞു.

നവംബര്‍ 1 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഭരത്പൂരില്‍ വെച്ച് നടന്ന ഗുജ്ജര്‍ സമുദായ മഹാപഞ്ചായത്തില്‍ വെച്ചായിരുന്നു സര്‍ക്കാരിനെതിരെ അനിശ്ചിതകാല പ്രക്ഷോഭം നടത്താന്‍ തീരുമാനമായത്.

‘മഹാപഞ്ചായത്ത് സംഘടിപ്പിച്ചത് ഞങ്ങളുടെ ശക്തി എന്താണെന്ന് സര്‍ക്കാരിനെ അറിയിക്കാനാണ്. ഇത് ഗെലോട്ട് സര്‍ക്കാരിന് ഒരു താക്കീതാണ്. ഈ സാഹചര്യത്തിലും നിരവധി പേരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്. പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനിച്ചത്. എന്നാല്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് ഞങ്ങള്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയത്. ഞങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിന് നവംബര്‍ വരെ സമയം നല്‍കിയിട്ടുണ്ട്’- സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

നവംബര്‍ വരെ തങ്ങള്‍ കാത്തിരിക്കുമെന്നും അനുകൂല നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭരത് പൂരില്‍ നടന്ന മഹാപഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

2018 ഒക്ടോബര്‍ 26 ന് സംസ്ഥാന സര്‍വ്വീസുകളിലേക്കുള്ള ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം 26 ശതമാനമായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

അതേവര്‍ഷം തന്നെ ഗുജ്ജര്‍ വിഭാഗമുള്‍പ്പെടെയുള്ള നാല് സമുദായങ്ങളെയും സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളില്‍ ഒരു ശതമാനം സംവരണം ആണ് ഏര്‍പ്പടുത്തിയത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്നാണ് ഗുജ്ജര്‍ സമുദായംഗങ്ങള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ