ന്യൂദല്‍ഹി: ഹത്രാസ് ഗൂഢാലോചന കേസില്‍ യു.എ.പി.എ പ്രകാരം മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി നേതാക്കളായ റൗഫ് ഷെരീഫിനും മസൂദ് അഹമ്മദിനും ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്.
ബി.ജെ.പി സര്‍ക്കാര്‍ നിരോധിച്ച വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു റൗഫ് ഷെരീഫ്. മസൂദ് അഹമ്മദ് ന്യൂദല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാര്‍ത്ഥിയാണ്.
ഹത്രസ് കൂട്ടബലാത്സംഗ കൊലക്കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലേക്കുള്ള
യാത്രക്കിടെയാണ് ഇവരെ യു.പി പൊലീസ് പിടികൂടിയത്. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കം നാല് പേര്‍ക്ക് ഹത്രസിലേക്കുള്ള യാത്രച്ചെലവു വഹിച്ചതു റൗഫ് ആണെന്നായാരുന്ന യു.പി പൊലീസിന്റെ ആരോപണം.
2020 ഡിസംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ(പി.എം.എല്‍.എ) വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്. പിന്നാലെ, ഹത്രാസ് കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. ഇ.ഡി കേസില്‍ നേരത്തേ തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഹത്രാറസ് കേസ് നിലനിന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ഇവരോടൊപ്പം പ്രതിചേര്‍ക്കപ്പെട്ടിരുന്ന സിദ്ദീഖ് കാപ്പന്‍, കാമ്പസ് ഫ്രണ്ട് മുന്‍ ദേശീയ ട്രെഷറര്‍ അതീഖുര്‍റഹ്മാന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ആലം എന്നിവര്‍ ജാമ്യം കിട്ടി നേരത്തെ ജയില്‍ മോചിതരായിരുന്നു.