പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ പ്രതിയായ വിദ്യക്ക് ജാമ്യം. ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, ഇതേ കുറ്റം ഈ കാലയളവിലോ അതിന് ശേഷമോ ആവര്‍ത്തിക്കരുത്, ആഴ്ചയില്‍ ഒന്നിടവിട്ട ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം, കേരളം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നീലേശ്വരം പൊലീസിന് അറസ്റ്റിനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്. അഗളി കേസില്‍ ജാമ്യം കിട്ടിയ വിദ്യയെ ഉടന്‍ തന്നെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തേക്കും.
എന്ത് ഉപാധികളും സമ്മതിക്കാനാന്‍ തയ്യാറാണെന്നായിരുന്നു വിദ്യയുടെ അഭിഭാഷകന്‍ വാദിച്ചത്. വിദ്യയുടെ ആരോഗ്യം, വിദ്യാഭ്യാസം, പ്രായം എന്നിവ പരിഗണിച്ച് ജാമ്യം നല്‍കണമെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്. കസ്റ്റഡിയില്‍ രണ്ട് ദിവസമുണ്ടായിരുന്നതിനാല്‍ ഇനി വിവരങ്ങളൊന്നും കണ്ടെത്താനില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
വ്യാജരേഖ തയ്യാറാക്കിയെന്ന് വിദ്യ സമ്മതിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസെടുത്തതിന് പിന്നാലെ വിദ്യ ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചെന്നായിരുന്നു വ്യാജസീല്‍ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. ഇവ നിര്‍മിച്ചത് ഓണ്‍ലൈന്‍ ആയിട്ടാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന കേസിലാണ് വിദ്യയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി മേപ്പയൂരില്‍ നിന്നുമായിരുന്നു ഒളിവിലായ വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി കാസര്‍ഗോഡ്, പാലക്കാട് കോളേജുകളില്‍ ജോലി ചെയ്തതായാണ് വിദ്യക്കെതിരെയുള്ള കേസ്. രണ്ട് വര്‍ഷം മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തതായാണ് രേഖ. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പളിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയെന്നാണ് കേസ്.
2018-19, 202021 കാലയളവുകളില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്തെന്ന് കാട്ടിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രണ്ട് കോളേജുകളില്‍ വിദ്യ ജോലി ചെയ്തിരുന്നത്. വ്യാജമായ സീലും എംപ്ലവും പതിപ്പിച്ചുകൊണ്ടാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരുന്നത്.