| Saturday, 16th March 2024, 10:23 am

ദൽഹി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിന് മുൻ‌കൂർ ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻ‌കൂർ ജാമ്യം. ദില്ലി റോസ് അവന്യൂ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

15,000 രൂപയുടെ ബോണ്ടും ഒരു ലക്ഷം രൂപയുടെ ആൾജാമ്യവുമാണ് വ്യവസ്ഥ.

മൂന്ന് മിനിട്ട് മാത്രം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിൽ കെജ്‌രിവാൾ തിരികെ കോടതിയിൽ നിന്ന് മടങ്ങി.

ഇതോടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള ഇ.ഡിയുടെ സാധ്യത അടഞ്ഞു.

കോടതി പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

മദ്യനയ കേസിൽ ഇ.ഡി നടപടി റദ്ദാക്കണമെന്ന കെജ്‌രിവാളിന്റെ ഹരജി കോടതി തള്ളിയിരുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി എട്ടോളം സമൻസുകൾ അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതാണ് ഹരജി തള്ളാൻ കാരണം.

അതേസമയം, മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയെ വെള്ളിയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇ.ഡിയും ഐ.ടിയും സംയുക്തമായി നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് ഇ.ഡി കവിതക്ക് മാർച്ചിൽ രണ്ട് സമൻസുകൾ അയച്ചിരുന്നു. എന്നാൽ സമൻസുകൾക്ക് മറുപടി നൽകാനോ ഇ.ഡിക്ക് മുന്നിൽ ഹാജരാകാനോ അവർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡും അറസ്റ്റും.

കേസിൽ എ.എ.പിയുടെ രണ്ട് മുതിർന്ന നേതാക്കളാണ് ഇതുവരെ അറസ്റ്റിലായത്. ദൽഹി മുൻ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞ വർഷം ഫെബ്രുവരി 26നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഒക്ടോബർ അഞ്ചിന് സഞ്ജയ് സിങും അറസ്റ്റിലായി.

Content Highlight: Bail to Aravindh kejrival in liquor policy case

We use cookies to give you the best possible experience. Learn more