ന്യൂദല്‍ഹി: ദല്‍ഹി പ്രസ്‌ക്ലബിലെ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ പാട്യാല കോടതി തള്ളി. ഗീലാനിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഗീലാനിക്ക് പുറമെ ബന്ധങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ പറഞ്ഞു.
ഗീലാനിയെ അറസ്റ്റ് ചെയ്തിട്ട് മൂന്ന് ദിവസമായെന്നും മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഗീലാനി എങ്ങനെ ഉത്തരവാദിയാകുമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സതീഷ് താംത പറഞ്ഞു.
ഇന്നലെ ഗീലാനിയെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഫെബ്രുവരി 10ന് പ്രസ്‌ക്ലബില്‍ നടത്തിയ പരിപാടിയില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങ മുഴക്കിയിരുന്നു. ചടങ്ങിന്റെ മുഖ്യ സംഘാടകന്‍ ഗീലാനി ആണെന്നും അദ്ദേഹത്തിന്റെ ഇമെയിലില്‍നിന്നാണ് ഹാള്‍ ബുക്കു ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നു. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ഗീലാനിയെ
ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.