|

'മാവോയിസ്റ്റ് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നവര്‍'; വരവര റാവു അടക്കം ആറുപേരുടെ ജാമ്യാപേക്ഷ യു.എ.പി.എ കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ ഒമ്പത് സാമൂഹ്യ പ്രവര്‍ത്തകരില്‍ ആറുപേരുടെ ജാമ്യാപേക്ഷ പ്രത്യേക യു.എ.പി.എ കോടതി തള്ളി. സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വരവര റാവു, ഷോമ സെന്‍, മഹേഷ് റാവുത്ത്, സുരേന്ദ്ര ഗാഡ്ലിംഗ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 23 പേരില്‍ ഒമ്പത് പേരെയാണ് പൂനെ പൊലീസ് അറസ്റ്റു ചെയ്തത്. ജാമ്യം നിഷേധിക്കപ്പെട്ട ആറുപേരെ കൂടാതെ സുധ ഭരദ്വാജ്, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരാണ് അറസ്റ്റിലായ ബാക്കിയുള്ളവര്‍.

ഇവര്‍ നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിലവില്‍ മൂന്ന് വ്യത്യസ്ത ജഡ്ജിമാരുടെ മുമ്പാകെ കേസ് വാദിക്കപ്പെട്ടു. തുടര്‍ന്നാണ് കേസ് പ്രത്യേക കോടതിയിലേയ്ക്ക് മാറ്റിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റിലായവര്‍ നിരോധിത സംഘടനയിലെ അംഗങ്ങളാണെന്നും സംഘടനയുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് ജഡ്ജി നവന്ദര്‍ പറഞ്ഞു.

‘തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കോടതിക്ക് മുമ്പില്‍ വന്ന എല്ലാ ജാമ്യാപേക്ഷകളും തള്ളുകയാണ്. നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ വിചാരണ ഇന്നുതന്നെ തുടങ്ങാം’- ജഡ്ജി പറഞ്ഞു.

സുധ ഭരദ്വാജ്, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുടെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമ കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകരായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വരവര റാവു, ഷോമ സെന്‍, മഹേഷ് റാവുത്ത്, സുരേന്ദ്ര ഗാഡ്ലിംഗ്, സുധ ഭരദ്വാജ്, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ജനുവരി ദലിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാരുടെ അക്രമവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇവരടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണമായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ത്തിയത്.

Video Stories