'പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു'; അട്ടപ്പാടി മധു കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി
Kerala News
'പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു'; അട്ടപ്പാടി മധു കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2022, 12:11 pm

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയാണ് എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്.

ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ നിരന്തരം ലംഘിച്ചുകൊണ്ട് പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ ഹരജി ശരിവെച്ച് കൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചത്.

ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളടക്കം ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാനുളള ചില സാക്ഷികളേയും പ്രതികള്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ 12 പേരുടെയും ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

”സഹായിച്ചവര്‍ക്ക്, വക്കിലന്മാര്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയുന്നു. കേസുമായി മുന്നോട്ട് പോകും. ദൈവമുണ്ട് എനിക്ക്. ഒരുപാട് ബുദ്ധിമുട്ടി. എല്ലാവരും എന്നെ സഹായിച്ചു.

ഇപ്പോഴൊന്നും ഭീഷണിയില്ല. കുറച്ച് മുമ്പെ വരെ ഉണ്ടായിരുന്നു. പ്രതികള്‍ നിരന്തരം സ്വാധീനിച്ചിരുന്നു,” വിധി കേട്ട ശേഷം മധുവിന്റെ അമ്മ പ്രതികരിച്ചു.

2018 മേയ് 30നായിരുന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിഫാന്റെ ജാമ്യാപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതി ഇന്ന് പരിഗണിക്കും.

Content Highlight: Bail of 12 accused in Attappadi Madhu case cancelled by Court