ന്യൂദല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമം പോലുള്ള പ്രത്യേക ചട്ടങ്ങള്‍ക്ക് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ക്കും ‘ജാമ്യം നിയമമാണ്, ജയില്‍ ഒരു അപവാദമാണ്’ എന്ന നിയമതത്വം ബാധകമാണെന്ന് സുപ്രീം കോടതി.
ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രിം കോടതിയുടെ വിധി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. അര്‍ഹതയുള്ള കേസുകളില്‍ കോടതികള്‍ ജാമ്യം നിഷേധിക്കാന്‍ തുടങ്ങിയാല്‍ അത് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും കോടതി പറഞ്ഞു.
‘പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ വളരെ ഗുരുതരമായേക്കാം, എന്നാല്‍ നിയമാനുസൃതം ജാമ്യത്തിനുള്ള കേസ് പരിഗണിക്കുക എന്നത് കോടതിയുടെ കടമയാണ്. ജാമ്യം നിയമവും ജയില്‍ അപവാദവുമാണെന്നത് പ്രത്യേക നിയമങ്ങള്‍ക്കും ബാധകമാണ്. അര്‍ഹതയുള്ള കേസുകളില്‍ കോടതികള്‍ ജാമ്യം നിഷേധിക്കാന്‍ തുടങ്ങിയാല്‍, അത് ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങളുടെ ലംഘനമായിരിക്കും,’ വിധി പ്രഖ്യാപിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു.
ജലാലുദ്ദീന്‍ ഖാന്‍ എന്നയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് തന്റെ വീടിന്റെ മുകള്‍നില വാടകയ്ക്ക് നല്‍കിയതിന് ഖാനെതിരെ യു.എ.പി.എയും ഇപ്പോള്‍ നിലവിലില്ലാത്ത ഇന്ത്യന്‍ പീനല്‍ കോഡിലെ മറ്റ് വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിരുന്നു.
ഭീകരപ്രവര്‍ത്തനം നടത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ പറഞ്ഞത്.
ഗൂഢാലോചനയ്ക്കായി പ്രതികള്‍ക്ക് ഫുല്‍വാരി ശരീഫിലെ (പട്‌ന) അഹമ്മദ് പാലസില്‍ വാടക താമസസൗകര്യം ഏര്‍പ്പെടുത്തുകയും അതിന്റെ പരിസരങ്ങളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നല്‍കാന്‍ ശ്രമിച്ചെന്നും ക്രിമിനല്‍ ഗൂഢാലോചന യോഗങ്ങള്‍ നടത്തിയെന്നുമായിരുന്നു.
2022-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയില്‍ പ്രതികള്‍ കലാപമുണ്ടാക്കാന്‍ പദ്ധതിയിടുന്നതായി ബീഹാര്‍ പൊലീസിന് വിവരം ലഭിച്ചെന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, 2022 ജൂലൈ 11-ന് ഫുല്‍വാരി ശരീഫ് പൊലീസ് ഖാന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
Content Highlight: Bail is rule, jail is exception’ for offences even under special statutes: SC