| Monday, 2nd July 2012, 1:45 pm

ടി.പി വധം: സി എച്ച് അശോകന് ഉപാധികളോടെ ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സി.പി.ഐ.എം ഒഞ്ചിയം ഏരിയാ  സെക്രട്ടറി സി.എച്ച് അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.  കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു അശോകന്‍. അതേ സമയം കേസില്‍ 16 ാം പ്രതിയായ കെ.കെ കൃഷ്ണന്റെയും മൂന്നാം പ്രതി ടി.കെ രജീഷിന്റെയും ജാമ്യാപേക്ഷകള്‍ കോടതി തള്ളി.

ടി.പി വധവുമായി ബന്ധപ്പെട്ട് അശോകന്‍ നടത്തിയ പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഭാഗം കോടതിയില്‍ വാദിച്ച തെളിവുകള്‍. കേസില്‍ ലഭ്യമായ മൊഴികളില്‍ ഇവരുടെ പങ്ക് വ്യക്തമായിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരിലാണ് ടി.പി ചന്ദ്രശേഖനുള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടതെന്നും ഇവര്‍ക്ക് അധികം ആയുസ്സില്ലെന്നും അശോകന്‍ പലയിടത്തും പ്രസംഗിച്ചിരുന്നു.

കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും അത് മറച്ചുവെച്ചു, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അശോകനെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം അശോകന് ജാമ്യം ലഭിച്ചെങ്കിലും തത്കാലം ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല. ചന്ദ്രശേഖരനെ വധിക്കുന്നതുമായി ബന്ധപ്പെട്ട്‌ 2012ല്‍ നടന്ന ഗൂഢാലോചന 2009ല്‍ നടന്ന ആദ്യ ഗൂഢാലോചന എന്നിങ്ങനെ രണ്ട് കേസുകളായാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ 2009ല്‍ ഗൂഢാലോചന നടത്തിയതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അശോകനെന്നാണ് പോലീസ് പറയുന്നത്. ഈ കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ അദ്ദേഹം ജയില്‍ മോചിതനാവൂ.

2009ല്‍ സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം പി.പി. രാമകൃഷ്ണന്റെ വീട്ടില്‍ നടന്ന ആദ്യത്തെ ചര്‍ച്ചയില്‍ കെ.സി. രാമചന്ദ്രനും കെ.കെ. കൃഷ്ണനുമൊപ്പം സി.എച്ച്. അശോകനുമുണ്ടായിരുന്നു.

പിന്നീട് ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസില്‍ കൊലയാളി സംഘത്തില്‍പ്പെട്ട കിര്‍മാണി മനോജും ടി.കെ. രജീഷും പങ്കെടുത്ത ഗൂഢാലോചനയിലും അശോകന്‍ ഉണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങളാണ് ആദ്യ ഗൂഢാലോചനയില്‍ അശോകന്‍ പ്രതിയാവാനുള്ള കാരണമെന്ന് പോലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more