ടീസ്ത സെതല്‍വാദിന് ജാമ്യം
national news
ടീസ്ത സെതല്‍വാദിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 3:53 pm

ന്യൂദല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് ജാമ്യം അനുവദിച്ച് കോടതി. സുപ്രീം കോടതിയാണ് ടീസ്തയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

തുടരന്വേഷണവുമായി പൂര്‍ണ സഹകരണം ഉറപ്പാക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് ജാമ്യം. കേസ് സ്വതന്ത്രമായി ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി ചവണ ടീസ്ത കോടതിയെ സമീപിച്ചിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ടീസ്ത സെതല്‍വാദ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

കേസ് പരിഗണിക്കുന്നതിനിടെ ടീസ്ത സെതല്‍വാദിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ടീസ്തയുടെ ജാമ്യാപേക്ഷയിലെ തീരുമാനം അനാവശ്യമായി വലിച്ചുനീട്ടുന്ന ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത കോടതി കേസിന്റെ പ്രത്യേകതകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും പറഞ്ഞിരുന്നു.

ടീസ്തക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുമണ്ടായത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം കേസ് പരിണിച്ചത്.

രണ്ട് മാസമായി ഒരു വനിതയെ കസ്റ്റഡിയില്‍വെച്ചിട്ടും കുറ്റപത്രംപോലും സമര്‍പ്പിച്ചില്ല. കൊലപാതകമോ പരിക്കേല്‍പ്പിക്കലോ പോലുള്ള ഗുരുതര കുറ്റങ്ങള്‍ ടീസ്തയുടെ പേരില്‍ ഇല്ലെന്ന് വാക്കാല്‍ വ്യക്തമാക്കിയ കോടതി ജാമ്യം നല്‍കുന്നതില്‍നിന്ന് തടയുന്ന ഒന്നുംതന്നെയില്ലെന്നും നിരീക്ഷിച്ചു.

2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘നിരപരാധികളായ’വര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്.

സമാനകേസുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പിയായിരുന്ന ആര്‍.ബി. ശ്രീകുമാര്‍, ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂണ്‍ 25 നായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസില്‍ മോദിയടക്കമുള്ളവര്‍ക്ക് പങ്കില്ലെന്ന എസ്.ഐ.ടി കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്.

Content Highlight: Bail granted for teesta setalvad