ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസ്: സല്‍മാന് ജാമ്യം
Daily News
ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസ്: സല്‍മാന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2014, 11:28 am

salman[]കൊച്ചി: ദേശീയഗാനത്തെ അപമാനിച്ചുവെന്നതിന്റെ പേരില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിയും യുവസാമൂഹ്യപ്രവര്‍ത്തകനുമായ സല്‍മാന് ജാമ്യം. ഹൈക്കോടതിയാണ് സല്‍മാന് ജാമ്യം നല്‍കിയത്.

ജസ്റ്റിസ് ഹരിപ്രസാദാണ് ജാമ്യം നല്‍കിക്കൊണ്ട് ഉത്തരവിട്ടത്. അഡ്വ കെ.എസ് മധുസൂദനനാണ് സല്‍മാന് വേണ്ടി ഹാജരായത്.

ഉപാധികളോടെയാണ് സല്‍മാന് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് തുല്യമായ ജാമ്യം നല്‍കണം. രണ്ട് ആള്‍ജാമ്യം വേണം. ജാമ്യക്കാരില്‍ ഒരാള്‍ മാതാപിതാക്കളില്‍ ഒരാളാവണം. മാസത്തില്‍ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. കൂടാതെ സല്‍മാന്റെ പാസ്‌പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ ആഗസ്റ്റ് 19നാണ് സല്‍മാന്‍ അറസ്റ്റിലായത്. ആഗസ്റ്റ് 18 ന് തിരുവനന്തപുരം നിള തീയറ്ററില്‍ ദേശീയ ഗാനമാലപിച്ചപ്പോള്‍ സിനിമ കാണനെത്തിയ സല്‍മാനും കൂട്ടരും എഴുന്നേറ്റ് നിന്നില്ലെന്നാണ് ആരോപണം. തീയറ്ററിലുണ്ടായിരുന്ന മുന്‍പരിചയക്കാരായ ചിലര്‍ ഇത് പ്രശ്‌നമാക്കിയപ്പോള്‍ സല്‍മാനും കൂട്ടരും കൂവിയെന്നും പറയുന്നു. ഇതേത്തുടര്‍ന്ന് 19 ന് അര്‍ധരാത്രിയോടെ തമ്പാനൂര്‍ സി.ഐ റഫീഖും സംഘവും വീട്ടില്‍ നിന്ന് സല്‍മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐ.പി.സി 124, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകളിലൂടെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് സല്‍മാനെതിരെ കേസെടുത്തിരിക്കുന്നത്. സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം സെഷന്‍ കോടതി കൊലപാതകത്തെക്കാള്‍ ഗുരുതരമായ കുറ്റമാണ് സല്‍മാന്‍ ചെയ്തതെന്ന നിരീക്ഷണമാണ് നടത്തിയത്.

തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി സല്‍മാന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

ഫേസ്ബുക്ക് ഉള്‍പ്പെടെ നവ മാധ്യമങ്ങളിലും ആനുകാലികങ്ങളിലുമെല്ലാം സല്‍മാന്റെ അറസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി പ്രതിഷേധങ്ങളും ജസ്റ്റിസ് ഫോര്‍ സല്‍മാന്‍ വേദിയും രൂപീകരിക്കപ്പെട്ടു. സല്‍മാന്റെ അറസ്റ്റിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു.

സല്‍മാനെതിരായ പൊലീസ് നടപടി നിരവധി ചോദ്യങ്ങളാണ് പൊതുസമൂഹത്തില്‍ ഉയര്‍ത്തിയത്. ദേശീയഗാനം ആലപിക്കേണ്ട സന്ദര്‍ഭങ്ങളെക്കുറിച്ചും ഈ സംഭവത്തോടെ ചര്‍ച്ച നടന്നു. സല്‍മാന്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കാലഹരണപ്പെട്ട രാജ്യദ്രോഹനിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുളളവര്‍ രംഗത്തുവരികയും ചെയ്തിരുന്നു.

കൂടുതല്‍ വായിക്കുക:

സല്‍മാനെതിരെയുള്ള ദേശദ്രോഹ കേസ് നിലനില്‍ക്കുന്നതല്ല: ബി.ആര്‍.പി ഭാസ്‌കര്‍

Standing is unpatriotic, sitting is anti-national 

Case against Salman legally untenable, says B.R.P. Bhaskar

ദേശീയഗാനം എവിടെ, എങ്ങനെ, എപ്പോള്‍ ഏതു സാഹചര്യത്തില്‍ ആലപിക്കണം ?

രാജ്യദ്രോഹക്കുറ്റം: പ്രതിയോഗികളെ നിശബ്ദമാക്കാന്‍