| Thursday, 16th December 2021, 12:45 pm

യു.എ.പി.എ തടവുകാരന്‍ ഇബ്രാഹിമിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞിരുന്ന ഇബ്രാഹിമിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇന്ന് ജാമ്യ ഉത്തരവ് ലഭിക്കുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെ വൈകീട്ടോടെ ജയില്‍ മോചിതനാവുമെന്നും ഇബ്രാഹിമിന് വേണ്ടി ഹാജരായ അഡ്വ. പി.എ. ഷൈന പറഞ്ഞു.

എറണാകുളം ജില്ല വിട്ടുപോകരുത്, വിചാരണയ്ക്ക് തടസമുണ്ടാകരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തിക്കോടി ടൗണിലെ പച്ചക്കറിക്കടയിലാണ് ഇബ്രാഹിം ജോലി ചെയ്തത്. കോയമ്പത്തൂരില്‍ പിടിയിലായ മാവോവാദി നേതാവ് രൂപേഷിനൊപ്പം ഉണ്ടായിരുന്ന അനൂപ് മാത്യു മാസങ്ങളോളം തിക്കോടിയില്‍ താമസിച്ചിരുന്നു. ഇയാള്‍ക്കൊപ്പമാണ് ഇബ്രാഹിം ആദ്യകാലത്ത് തിക്കോടിയില്‍ ഉണ്ടായിരുന്നത്. തിക്കോടിയില്‍ ഉണ്ടായിരുന്ന ഒന്നര വര്‍ഷക്കാലം ഇയാള്‍ നാട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

ഇതിനിടയിലാണ് ഇബ്രാഹിമിനെ മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ ചുമത്തുകയായിരുന്നു.

ആറുവര്‍ഷത്തിലധികമായി പരോള്‍ പോലും ലഭിക്കാതെ വിചാരണത്തടവുകാരനായ ഇബ്രാഹിമിന്റെ ആരോഗ്യനില അത്യന്തം ഉത്കണ്ഠയുളവാക്കുന്നതാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കടുത്ത പ്രമേഹവും ഹൃദ്രോഗവും അലട്ടുന്ന ഇബ്രാഹിമിന് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.

ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇബ്രാഹിമിനുമേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ആറുവര്‍ഷത്തിലേറെയായി വിാചരണത്തടവുക്കാരനായി കഴിയാനുള്ള കാരണം യു.എ.പി.എ തടവുകാരനായതിനാലാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു.

ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് മനുഷ്യാവകാശ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്. ഒരു പൗരന്റെ കാര്യത്തില്‍ സംഭവിക്കുന്ന നിരന്തരമായ ഈ മനുഷ്യാവകാശ നിശേധം ഇടതുപക്ഷ സര്‍ക്കാരിന് ഒട്ടും യോജിക്കുന്നില്ലെന്നുമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Bail granted for Ibrahim

Latest Stories

We use cookies to give you the best possible experience. Learn more