കൊച്ചി: ലഘുലേഖ വിതരണം ചെയ്ത കേസില്‍ മുജാഹിദ് വിസ്ഡം പ്രവര്‍ത്തകര്‍ക്ക് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവരുടെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിരുന്നത്.
സംഘടനയുടെ 39 പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന തരത്തില്‍ ഐ.പി.സി 153എ വകുപ്പു ചുമത്തിയാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ കേസില്‍ ഈ വകുപ്പ് നിലനില്‍ക്കില്ലെന്നും ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള മത പ്രചരണമാണ് ഇവര്‍ നടത്തിയതെന്നും കോടതി പറഞ്ഞു.
ആഗസ്റ്റ് 20നാണ് പറവൂര്‍ ഭാഗത്ത് വിസ്ഡം ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം നടത്തിയിരുന്നത്. വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം, പുതിയകാവ്, കട്ടത്തുരുത്ത്, കൊട്ടുവള്ളിക്കാട് എന്നിവിടങ്ങളിലാണ് പ്രചരണം ഇവര്‍ പ്രചരണം നടത്തിയിരുന്നത്. ഇതിനിടയില്‍ സംഘടിച്ചെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ മര്‍ദിക്കുകയും പൊലീസിന് കൈമാറുകയും ആയിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള ലഘു ലേഖകള്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ വിതരണം ചെയ്ത് അവര്‍ക്ക് മരുന്നിട്ട് നല്‍കരുതെന്നും മുജാഹിദ് പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു എന്നത് ഗൗരവമായി സര്‍ക്കാര്‍ കാണുന്നുണ്ടെന്നും പിണറായി പറഞ്ഞിരുന്നു.
.