Advertisement
Daily News
കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: സലീം രാജിനും കൂട്ടുപ്രതികള്‍ക്കും ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jun 09, 08:36 am
Tuesday, 9th June 2015, 2:06 pm

saleem-raj

കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പടെ ഏഴ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.

സലീംരാജിനെ കൂടാതെ ഒന്നാം പ്രതിയും ഇടനിലക്കാരനുമായ സി.കെ. ജയറാം, രണ്ടാം പ്രതിയും സലിംരാജിന്റെ സഹോദരീ ഭര്‍ത്താവുമായ കെ.എച്ച്. അബ്ദുല്‍ മജീദ്, മൂന്നാം പ്രതി ഇടവ സ്വദേശി എ. നിസാര്‍, 10ാം പ്രതി ഇടവ സ്വദേശി എ.എം. അബ്ദുല്‍ അഷ്‌റഫ്, 24ാം പ്രതിയും ഡെപ്യൂട്ടി തഹസില്‍ദാറുമായ വിദ്യോദയ കുമാര്‍, 28ാം പ്രതി ശാസ്തവട്ടം സ്വദേശി എസ്.എം. സലീം എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നും ശനിയാഴ്ചകളില്‍ കൊച്ചി സിബിഐ ഓഫിസില്‍ ഹാജരാകണമെന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.  പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവ് തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലില്‍ എത്തിയാലുടന്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാനാകുമെന്നാണ് സൂചന.

കേസില്‍ 14 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. കൃത്രിമ രേഖകളുണ്ടാക്കി 44.5 ഏക്കറോളം ഭൂമി തട്ടിയെടുത്തെന്നാണ് കേസ്.