| Wednesday, 23rd March 2016, 11:13 am

ജയരാജന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്


കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. രണ്ടു തവണ വിധി പറയല്‍ മാറ്റിവെച്ച ശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു മാസത്തേക്ക് കണ്ണൂരിലേക്ക് പ്രവേശിക്കാന്‍ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ പാടില്ല എന്നീ മൂന്ന് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജന്റെ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാലുടന്‍ ജയരാജനെ മോചിപ്പിക്കും.കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വിധിപറയുന്നതിനായി കേസ് പരിഗണിച്ചിരുന്നെങ്കിലും ബുധനാഴ്ചയിലേക്ക മാറ്റിവെക്കുകയായിരുന്നു. ജയരാജന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു.

കതിരൂര്‍ മനോജ് വധക്കേസില്‍ യു,എ.പി.എ വകുപ്പുകള്‍ ചാര്‍ത്തിയാണ് സി.ബി.ഐ ജയരാജനെ പ്രതിചേര്‍ത്തിരുന്നത്. ഫെബ്രുവരി 11നാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിരുന്നത്. കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും അസുഖ കാരണം ചൂണ്ടിക്കാട്ടി ജയിലില്‍ കിടന്നിരുന്നില്ല. ഏപ്രില്‍ എട്ടുവരെയായിരുന്നു ജയരാജന്റെ റിമാന്‍ഡ് കാലാവധി.

We use cookies to give you the best possible experience. Learn more