പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കാര്‍ പിസ്റ്റോറിയസിന് കോടതി ജാമ്യം അനുവദിച്ചു. 700 ഡോളറിനാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്നുള്ള കീഴ്‌ക്കോടതി വിധി കഴിഞ്ഞ ദിവസം സുപ്രീംകോടതി ശരിവെച്ചിരുന്നു. ചുരുങ്ങിയത് 15 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പിസ്റ്റോറിസിനെതിരെ ചുമത്തിയിരിക്കുന്നത്.
കാമുകിയെ കൊന്ന കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി 2014ല്‍ അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത സുപ്രീംകോടതി പിസ്റ്റോറിയസ് നടത്തിയത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
കേസില്‍ അടുത്ത ഏപ്രിലിലാണ് ശിക്ഷ വിധിക്കുക. ജാമ്യം ലഭിച്ചെങ്കിലും താമസിക്കുന്ന വീട്ടില്‍ നിന്നും 20 കിലോമീറ്ററിന് പുറത്തേക്ക് സഞ്ചരിക്കുന്നതിന് കോടതി പിസ്റ്റോറിയസിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2013ല്‍ വാലന്റൈന്‍ ദിനത്തിലാണ് കാമുകി റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നത്.
29കാരനായ പിസ്റ്റോറിയസ് ആറു തവണ പാരാലിമ്പിക്‌സ് സ്വര്‍ണം നേടിയിട്ടുണ്ട്.