കൊച്ചി: സലഫി പണ്ഡിതന്‍ എം.എം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന കേസിലാണ് ജാമ്യം.
നേരത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് സെഷന്‍സ് കോടതിയെ അക്ബര്‍ സമീപിച്ചത്.
മതവിദ്വേഷമുണ്ടാക്കുന്ന സിലബസ് പഠിപ്പിച്ചെന്ന കേസില്‍ കൊച്ചി പീസ് സ്‌കൂള്‍ എം.ഡി എം.എം അക്ബറിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളിലെ തുടര്‍നടപടികള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഒരാഴ്ചത്തെ തുടരന്വേഷണത്തിനാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്. കൊട്ടിയം, കാട്ടൂര്‍, പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള കേസുകളിലാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൂന്ന് കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.