| Friday, 9th September 2016, 2:45 pm

അഴിമതിക്കേസ്; മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി കെ. പത്മകുമാറിന് ഉപാധികളോടെ ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചട്ടങ്ങള്‍ മറികടന്ന് സിമന്റ് ഡീലര്‍ഷിപ്പ് അനുവദിച്ചതിലൂടെ 2.70 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ തിങ്കളാഴ്ചയാണ് പത്മകുമാറിനെ ഡി.വൈ.എസ്.പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 


തൃശൂര്‍: അഴിമതിക്കേസില്‍ അറസ്റ്റിലായ മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി കെ. പത്മകുമാറിന് ഉപാധികളോടെ ജാമ്യം.

പത്മകുമാറിനെ ഇന്നു രാവിലെയോടെയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. പത്മകുമാറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിനേയും കേസില്‍ പ്രതികളാക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ചട്ടങ്ങള്‍ മറികടന്ന് സിമന്റ് ഡീലര്‍ഷിപ്പ് അനുവദിച്ചതിലൂടെ 2.70 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ തിങ്കളാഴ്ചയാണ് പത്മകുമാറിനെ ഡി.വൈ.എസ്.പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് സര്‍ക്കാര്‍ ഇദ്ദേഹത്തെ എം.ഡി. സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി വിജിലന്‍സ് ജഡ്ജിക്കുമുന്നില്‍ പത്മകുമാറിനെ ഹാജരാക്കിയിരുന്നു. പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ കൂടുതല്‍ തെളിവെടുക്കുന്നതിനായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം കെ. പത്മകുമാറടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വസതികളിലും പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

We use cookies to give you the best possible experience. Learn more