| Wednesday, 23rd November 2016, 6:41 pm

തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം; ഗൗരിക്കും ചാത്തുവിനും ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍ 180 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. 


കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ യു.എ.പി.എ ചുമത്തപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ഗൗരിക്കും ചാത്തുവിനും ജാമ്യം.

യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍ 180 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

അഡ്വ. ടി.എം റഷീദും, അഡ്വ. ലൈജുവുമാണ് ഇവര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. നാളെ പുറത്തിറങ്ങുന്ന ഗൗരിക്കും ചാത്തുവിനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ജയിലുമുന്നില്‍ സ്വീകരണം നല്‍കുമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് സി.പി റഷീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഗൗരിക്കും ചാത്തുവിനും വേണ്ടി കേസ് നടത്തുന്നതും ഇദ്ദേഹമാണ്.

ഈ വിഷയത്തിലെ ജനകീയ പ്രതിഷേധം കണക്കിലെടുത്താകണം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതെന്ന് കരുതുന്നതായും സി.പി റഷീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോരാട്ടം സംഘടനയുടെ പോസ്റ്ററുകള്‍ പതിച്ചെന്ന പേരില്‍ കഴിഞ്ഞ മെയ് ആറിനാണ് വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയായ ഗൗരിയടക്കം ഏഴുപേരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇതില്‍ ഗൗരിയെ വെളളമുണ്ടയില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നതും. അതില്‍ തന്നെ ആദിവാസിയായ ഗൗരിക്കെതിരെ രണ്ടു പൊലീസ് സ്റ്റേഷനുകളിലായി രണ്ടു യു.എ.പി.എ കേസുകളാണ് ചുമത്തിയത്. സംസ്ഥാനത്ത് യു.എ.പി.എ കേസില്‍ പ്രതിയാകുന്ന ആദ്യ ആദിവാസി സ്ത്രീയുമാണ് ഗൗരി.

ഗൗരിക്കൊപ്പം പോരാട്ടം നേതാക്കളായ സി.എ അജിതന്‍, സാബു, ചാത്തു, പാഠാന്തരം വിദ്യാര്‍ഥി കൂട്ടായ്മ നേതാവ് ദിലീപ്, പോരാട്ടം അനുഭാവികളായ ജോയ് കാദര്‍, ബാലന്‍ എന്നിവരാണ് അറസ്റ്റിലായത്. ഗൗരിക്കും ചാത്തുവിനുമൊപ്പം അറസ്റ്റിലായ ബാക്കിയുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ അഞ്ചുമാസത്തോളമായി ഗൗരിയും ചാത്തുവും ജയിലില്‍ തന്നെ കഴിയുകയായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധം ശക്തമായിരുന്നു.

ജനകീയ സമരങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ഗൗരി 2009ല്‍ തൃശൂരില്‍ റിലയന്‍സിനെതിരെ നടന്ന സമരത്തില്‍ അണിചേര്‍ന്നിരുന്നു. ദരിദ്രരുടെ റേഷന്‍ സംരക്ഷണ സമിതി ആദിവാസികള്‍ക്കും ദളിത്പിന്നാക്ക വിഭാഗങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാത്തതിനെതിരെ നടത്തിയ പ്രതിഷേധത്തിലും ഗൗരി പങ്കെടുത്തിരുന്നു.

അറുപത്തിയേഴുകാരനായ ചാത്തു മാതൃകാ കര്‍ഷകനുള്ള ബഹുമതി നേടിയ ആളാണ്. ചലച്ചിത്രതാരം മമ്മൂട്ടി മോഡലായ സോപ്പ് തേച്ച് സൗന്ദര്യം വര്‍ധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മമ്മൂട്ടിക്കും സോപ്പ് കമ്പനിക്കുമെതിരെ കേസ് നല്‍കി ചാത്തു നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more