| Friday, 23rd December 2022, 5:43 pm

ഇ.ഡി കേസിലും ജാമ്യം; സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കാപ്പന് ജയില്‍ മോചിതനാകാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇ.ഡി കേസില്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് സിദ്ദീഖ് കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ഹത്രാസിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി രണ്ട് വര്‍ഷം ജയിലിലടച്ച സിദ്ദിഖ് കാപ്പന് സുപ്രീംകോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍, കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കാപ്പനെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണിപ്പോള്‍ ജാമ്യം ലഭിച്ചത്.

മൂന്ന് ദിവസത്തിനകം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു.

2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട്, കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

അന്ന് മുതല്‍ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികള്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.

 

Content Highlight: Bail also in ED case, Siddique Kappan will be released from jail

We use cookies to give you the best possible experience. Learn more