കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന് ജാമ്യം. 2009ല്‍ ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിലാണ് സി.എച്ച് അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ സി.എച്ച്. അശോകന്‍ ജയില്‍മോചിതനാവും. അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണിയാണ് സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.
ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട 2012ല്‍ നടന്ന ഗൂഢാലോചന, 2009ല്‍ നടന്ന ആദ്യ ഗൂഢാലോചന എന്നിങ്ങനെ രണ്ട് കേസുകളാണ് സി.എച്ച് അശോകനെതിരെയുണ്ടായിരുന്നത്. ഇതില്‍ ആദ്യത്തെ കേസില്‍ അശോകന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ രണ്ടാമതൊരു കേസുകൂടിയുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
2009ല്‍ ഗൂഢാലോചന നടത്തിയതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അശോകനെന്നാണ് പോലീസ് പറയുന്നത്. 2009ല്‍ സി.പി.ഐ.എം.തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം പി.പി. രാമകൃഷ്ണന്റെ വീട്ടില്‍ നടന്ന ആദ്യത്തെ ഗൂഢാലോചനയില്‍ കെ.സി. രാമചന്ദ്രനും ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണനുമൊപ്പം സി.എച്ച്. അശോകനുമുണ്ടായിരുന്നു. പിന്നീട് ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസില്‍ കൊലയാളി സംഘത്തില്‍പ്പെട്ട കിര്‍മാണി മനോജും ടി.കെ. രജീഷും പങ്കെടുത്ത ഗൂഢാലോചനയിലും അശോകന്‍ ഉണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങളാണ് ആദ്യ ഗൂഢാലോചനയില്‍ അശോകന്‍ പ്രതിയാവാനുള്ള കാരണമെന്ന് പോലീസ് പറയുന്നു.
കര്‍ശന ഉപാധികളോടെയാണ് ആദ്യകേസില്‍ അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. രണ്ടു ലക്ഷം രൂപയുടെ ജാമ്യവും രണ്ട് തുല്യ ആള്‍ ജാമ്യവും സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറണം. മറ്റു പ്രതികളുമായി സമ്പര്‍ക്കമുണ്ടാകരുത്. ഫോണ്‍ നമ്പറുകളും വിലാസവും പൊലീസിനെ അറിയിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാതെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്നുമാണ് ജാമ്യ വ്യവസ്ഥയില്‍ പറയുന്നത്.