കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. ഹൈക്കോടതിയാണ് ബിഷപ്പിന് ജാമ്യം അനുവദിച്ചത്.
കേസില്‍ അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലാണെന്നും രഹസ്യമൊഴി രേഖപ്പെടുത്താനുള്ളവരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞെന്നും ഈ ഘട്ടത്തില്‍ റിമാന്‍ഡില്‍ കഴിയേണ്ട ആവശ്യമില്ലെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചത്.
ബിഷപ്പിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ ഇത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
Also Read:അഞ്ചരക്കോടി തന്ന ദിലീപിനോട് എ.എം.എം.എ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് കുഴപ്പം: മഹേഷ്
ഉപാധികളോടെയാണ് ബിഷപ്പിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാന ഉപാധി. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഈ കേസിലെ പ്രധാന സാക്ഷികളാണ്. അവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നതാണ് ബിഷപ്പ് അറസ്റ്റിലായതിനുശേഷം നടന്ന സുപ്രധാന മുന്നേറ്റം. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ കേസില്‍ ഇനിയും ഒട്ടേറെ തെളിവുകള്‍ ശേഖരിക്കാനുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ബിഷപ്പ് പുറത്തിറങ്ങുന്നത് തിരിച്ചടിയാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇതു അംഗീകരിച്ചില്ല.