| Friday, 23rd August 2024, 4:21 pm

പൃഥ്വിരാജ് പറയുന്നതേ അവിടെ നടക്കുകയുള്ളൂ: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവും നിര്‍മാതാവുമായ പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ സിനിമയാണ് ലൂസിഫര്‍. 2019 ല്‍ ഇറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ വന്ന ചിത്രത്തിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. 100കോടിക്ക് മുകളിലായിരുന്നു ലൂസിഫറിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി വന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടോവിനോ തോമസ്, വിവേക് ഒബ്റോയ്, സായി കുമാര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം L:2 എമ്പുരാന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ സംവിധായകന്‍ പൃഥ്വിരാജ് വളരെ ഗൗരവമുള്ള ആളാണെന്നും അവിടെ പൃഥ്വിരാജ് പറയുന്നത് മാത്രമേ നടക്കുകയുള്ളുവെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ബൈജു.

‘പൃഥ്വിരാജിന്റെ മനസ്സില്‍ ആ ഒരു സിനിമയുണ്ട്, എന്താണ് എടുക്കാന്‍ പോകുന്നതെന്നെല്ലാം അദ്ദേഹത്തിനറിയാം. അതല്ലാതെ വേറെ ആരെകൊണ്ടും വേറെ ഒന്നും ആ സിനിമയില്‍ ചെയ്യാന്‍ അദ്ദേഹം സമ്മതിക്കില്ല. കൈയില്‍നിന്നിടുന്ന പരിപാടി ഒന്നുമില്ല അവിടെ. അതൊന്നും നടക്കില്ല.

രാജു പറയും ചേട്ടാ എനിക്കിതാണ് വേണ്ടതെന്ന്, അത് കറക്ട് ആയിരിക്കും. അദ്ദേഹം എന്താണോ പറയുന്നത് അത് മാത്രമാണ് അദ്ദേഹത്തിനാവശ്യം. അവിടെ നമ്മള്‍ കൂടുതല്‍ ചെയ്തിട്ടോ കുറച്ചിട്ടോ കാര്യമില്ല.

രാജു സെറ്റില്‍ വളരെ സീരിയസ് ആണ് അതുകൊണ്ടുതന്നെ രാജുവിന്റെ സിനിമയുടെ സെറ്റ് മൊത്തത്തില്‍ സീരിയസ് ആയിരിക്കും. തമാശ ഒന്നും പറയാറില്ല. ഫുള്‍ ടൈം മോണിറ്ററിലൊക്കെ നോക്കി വളരെ ശ്രദ്ധയോടെയാണ് ഇരിക്കുക,’ ബൈജു പറയുന്നു.

അതേ സമയം ബൈജു പ്രധാനകഥാപാത്രത്തെ അവതരിപ്പുന്ന സിനിമ നുണക്കുഴി നിറഞ്ഞ സദസോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി, മനോജ് കെ. ജയന്‍, ബിനു പപ്പു, തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Content Highlight: Baiju talks about Prithviraj Sukumaran in L2: Empuraan movie location

Latest Stories

We use cookies to give you the best possible experience. Learn more