| Monday, 26th December 2022, 1:23 pm

രണ്ട് അവാര്‍ഡ് കിട്ടിയില്ലേ, എങ്ങനെ ഒപ്പിച്ചു? ഇന്ദ്രന്‍സിന് സര്‍ക്കാരിലൊക്കെ ഭയങ്കര സ്വാധീനമാണ്: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദ്രന്‍സിന് രണ്ട് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും തനിക്ക് ഇതുവരെ അവാര്‍ഡ് ലഭിച്ചിട്ടില്ലെന്നും നടന്‍ ബൈജു. ആദ്യത്തെ അവാര്‍ഡ് എങ്ങനെയാണ് ഒപ്പിച്ചത് എന്ന് ഇന്ദ്രന്‍സിനോട് ചോദിച്ച ബൈജു അദ്ദേഹത്തിന് സര്‍ക്കാരിലൊക്കെ ഭയങ്കര സ്വാധീനമാണെന്നും പറഞ്ഞു. ആനന്ദം പരമാനന്ദം എന്ന പുതിയ ചിത്രത്തോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് ബൈജുവിന്റെ പരാമര്‍ശങ്ങള്‍. ചിത്രത്തിലെ നായിക അനഘ നാരായണനും അഭിമുഖത്തിനെത്തിയിരുന്നു.

അനഘയുടെ അഭിനയത്തെ പറ്റി സംസാരിക്കുമ്പോഴായിരുന്നു ബൈജുവിന്റെ പരാമര്‍ശങ്ങള്‍. ‘അനഘയുടെ അഭിനയം ഒട്ടും കൂടുതലല്ല. എന്നാല്‍ ഒട്ടും കുറഞ്ഞുപോയെന്നുമല്ല, അതായത് വളരെ നാച്ചുറലാണ്. ഞാന്‍ കാര്യമായിട്ട് പറഞ്ഞതാണ്. അങ്ങനെ അതിഭാവുകത്വമൊന്നുമില്ല. ആവശ്യത്തിനുള്ളതേ ഉള്ളൂ. അത് നിലനിര്‍ത്തിക്കൊണ്ടുപോണം. ഇന്ദ്രന്‍സ് സ്‌റ്റേറ്റ് അവാര്‍ഡ് ഒക്കെ വാങ്ങിച്ച ആളാണ്. എനിക്ക് അവാര്‍ഡൊന്നും കിട്ടിയില്ല. രണ്ടെണ്ണം കിട്ടിയില്ലേ, ആദ്യത്തെ എങ്ങനെയാണ് ഒപ്പിച്ചത്? അത് പറഞ്ഞാല്‍ രണ്ടാമത് എങ്ങനെയാണ് കിട്ടിയതെന്ന് പറയാം. (ചിരിക്കുന്നു). സര്‍ക്കാരിലൊക്കെ ഭയങ്കര സ്വാധീനമുള്ള ആളാണ്,’ ബൈജു പറഞ്ഞു.

ഇന്ദ്രന്‍സിനെതിരായ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ മന്ത്രി വി.എന്‍. വാസവനെ ന്യായീകരിച്ചും ബൈജുവും ഇന്ദ്രന്‍സും സംസാരിച്ചിരുന്നു. മന്ത്രി കുറ്റപ്പെടുത്തി പറഞ്ഞതായി തനിക്ക് തോന്നിയില്ലെന്നും അത് അദ്ദേഹത്തിന്റെ ശൈലിയാണെന്നും ബൈജു പറഞ്ഞു. ‘ബോഡിഷെയ്മിങ്ങിനെ പറ്റി പറഞ്ഞതിലൊന്നും കാര്യമില്ല. അത് കുറ്റപ്പെടുത്തി പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. മന്ത്രി പറഞ്ഞതല്ലേ. ആ ഒരു ശൈലിയില്‍ അങ്ങ് പറഞ്ഞന്നേയുള്ളൂ. അല്ലാതെ മനപ്പൂര്‍വം ഒരാളെ ടാര്‍ണീഷ് ചെയ്യാന്‍ വേണ്ടി പറഞ്ഞതല്ല.

നിങ്ങള്‍ക്ക് അതില്‍ ദുഖമുണ്ടോ? (ഇന്ദ്രന്‍സ് ഇല്ലയെന്ന് പറയുന്നു). പിന്നെ ആര്‍ക്കാണ് ഇവിടെ ദു:ഖം. നമുക്ക് ദു:ഖമില്ല പിന്നെ എന്താണ് കുഴപ്പം. അതൊക്കെ അതിന്റേതായ സ്പിരിറ്റിലെടുക്കുക എന്നുള്ളതേ ഉള്ളൂ. വേറെ ഒന്നുമില്ല,’ ബൈജു പറഞ്ഞു.

ചില വ്യക്തികളുടെ അടയാളങ്ങള്‍ പറയാന്‍ പാടില്ലാത്ത അവസ്ഥ വരുകയെന്നാല്‍ ആളുകളുടെ ക്ഷമ നശിച്ചു എന്നാണ് അര്‍ത്ഥമെന്ന് ഇന്ദ്രന്‍സും പറഞ്ഞു. ‘അമിതാഭ് ബച്ചന്റെ അടുത്താണ് എന്നെ കൊണ്ട് ഇരുത്തിയത്. ഞാനത് ഭയങ്കര ആഘോഷമായി എടുത്തു. ചില അടയാളങ്ങളോ സ്ഥലമോ വ്യക്തികളെയോ പറയുമ്പോള്‍ ഉയരം കൂടിയ ആള്‍, തടിച്ച ആള്‍, കുടവയര്‍ ഇങ്ങനെയൊക്കെ പറയില്ലേ. അത് പറയാന്‍ പാടില്ലാത്ത ഒരു അവസ്ഥ വരുകയെന്ന് വെച്ചാല്‍ ആളുകള്‍ക്ക് ക്ഷമ നശിക്കുന്നു എന്നല്ലേ അര്‍ത്ഥം,’ ഇന്ദ്രന്‍സ് പറഞ്ഞു.

Content Highlight: baiju talks about indrans’s state award

We use cookies to give you the best possible experience. Learn more