2012ല്‍ കുഞ്ചാക്കോ ബോബന്‍ – ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച ചിത്രമാണ് ഓര്‍ഡിനറി. തിയേറ്ററില്‍ വലിയ വിജയമായ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. നിഷാദ് കെ. കോയയുടെയും മനു പ്രസാദിന്റെയും തിരക്കഥയില്‍ സുഗീത് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഓര്‍ഡിനറി. കുഞ്ചാക്കോ ബോബനും ബിജു മേനോനും പുറമെ ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍, ആസിഫ് അലി, ശ്രിത ശിവദാസ്, ജിഷ്ണു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഓര്‍ഡിനറി എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച സുകു എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബൈജു. ചിത്രത്തില്‍ ബിജു മേനോന്‍ പാലക്കാടന്‍ ഭാഷയില്‍ സംസാരിക്കുന്നത് ഇഷ്ടമായെന്നും അത് കേട്ട് അത്ഭുതപ്പെട്ടെന്നും ബൈജു പറയുന്നു. എന്നാല്‍ ബിജു മേനോന്‍ വിചാരിക്കുന്നത് അദ്ദേഹത്തിന് ഇതൊന്നും പറ്റില്ലെന്നാണെന്നും ബിജു മേനോന്‍ ഉഴപ്പാണെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
‘ഓര്‍ഡിനറി എന്ന സിനിമയില്‍ ബിജു മേനോന്‍ പാലക്കാട് ഭാഷ പറയുന്നത് ഭയങ്കര ഇഷ്ടമായി. അവന്‍ അത് പറയുന്നത് കേട്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. കലക്കനായി പറഞ്ഞിട്ടുണ്ട്. അവന്‍ വിചാരിക്കുന്നത് അവനിതൊന്നും പറയാന്‍ പറ്റില്ലെന്നാണ്. പക്ഷെ അവന്‍ ഒഴപ്പാണ്. ചെയ്യാന്‍ പറയുമ്പോള്‍ തന്നെക്കൊണ്ട് പറ്റില്ലെന്നാണ് അവന്റെ വിചാരം,’ ബൈജു പറയുന്നു.
സംവിധായകന്‍ പ്രിയദര്‍ശനെ കുറിച്ചും ബൈജു സംസാരിച്ചു. പ്രിയദര്‍ശന്‍ ചെയ്ത അത്രയും സിനിമകള്‍ ഇനി മലയാളത്തിലെ ഒരു സംവിധായകനും ചെയ്യാന്‍ കഴിയില്ലെന്ന് ബൈജു പറഞ്ഞു.
‘പ്രിയന്‍ ചേട്ടന്‍ ചെയ്തതുപോലെ അത്രയും സിനിമകള്‍ ഇനി മലയാളത്തില്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതും ഭൂരിഭാഗവും വിജയിച്ച സിനിമകളും. ഇത്രയും ഹ്യൂമര്‍ സിനിമകള്‍ ചെയ്ത് വിജയിപ്പിച്ച സംവിധായകനുണ്ടോയെന്ന് സംശയമാണ്.
ഹ്യൂമര്‍ സിനിമകള്‍ മാത്രമല്ല സീരിയസ് സിനിമകളും എടുത്തിട്ടുണ്ട്. ആര്യന്‍,അദ്വൈതം പോലെയുള്ള മികച്ച ആക്ഷന്‍ സിനിമകളും അദ്ദേഹം എടുത്തിട്ടുണ്ട്. ആര്‍ക്കും ഇനി അത്തരത്തില്‍ വ്യത്യസ്തമായ ഴോണറുകളിലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല,’ ബൈജു പറയുന്നു.