നമ്മൾ കയ്യിൽ നിന്ന് ഇടുന്നതൊന്നും പൃഥ്വിയുടെ അടുത്ത് നടക്കില്ല, പുള്ളി സീരിയസാണ്: ബൈജു
Entertainment
നമ്മൾ കയ്യിൽ നിന്ന് ഇടുന്നതൊന്നും പൃഥ്വിയുടെ അടുത്ത് നടക്കില്ല, പുള്ളി സീരിയസാണ്: ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 1:09 pm

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ഒന്നാംഭാഗമായ ലൂസിഫറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ബൈജു സന്തോഷ്‌. എമ്പുരാനിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് ബൈജു.

കൃത്യമായി എന്തുചെയ്യണമെന്ന് പൃഥ്വിക്ക് അറിയാമെന്നും മറ്റൊരാളെ കൊണ്ടും ഒന്നും ചെയ്യിപ്പിക്കാൻ പൃഥ്വി സമ്മതിക്കില്ലെന്നും ബൈജു പറയുന്നു. സെറ്റിൽ നല്ല സീരിയസായിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജെന്നും അദ്ദേഹത്തിനൊപ്പം വർക്ക്‌ ചെയ്യാൻ രസമാണെന്നും ബൈജു പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൃഥ്വിരാജിന്റെ മനസിൽ ആ സിനിമയുണ്ട്. എന്താണ് എടുക്കാൻ പോവുന്നതെന്ന് കൃത്യമായി പൃഥ്വിക്ക് അറിയാം. അതല്ലാതെ വേറേ ആരെകൊണ്ടും ഒന്നും ചെയ്യാൻ പുള്ളി സമ്മതിക്കില്ല. കയ്യിന്നുള്ള പരിപാടിയൊന്നും രാജുവിന്റെ അടുത്ത് നടക്കില്ല.

രാജു പറയും, ഇങ്ങനെ മതി, എനിക്കിതാണ് വേണ്ടതെന്ന്. അത് കറക്റ്റ് ആയിരിക്കും. അയാൾക്കൊരു ഐഡിയ ഉണ്ടാവുമല്ലോ സിനിമയെ പറ്റി. സെറ്റിൽ കുറച്ച് സീരിയസാണ് പുള്ളി. നമ്മളെ പോലെയൊക്കെ ഉള്ളവരുടെ അടുത്ത് സീരിയസ് ആയില്ലെങ്കിൽ എങ്ങനെയിരിക്കും.

വർക്ക്‌ ചെയ്യാനൊക്കെ നല്ല രസമാണ്. അതിപ്പോൾ ജീത്തുവിന്റെ കൂടെ ആണെങ്കിലും അങ്ങനെയൊക്കെയാണ്. പുള്ളി പിന്നെ ഇടയ്ക്ക് തമാശയൊക്കെ പറയും. പക്ഷെ രാജു നല്ല ശ്രദ്ധിച്ചാണ് ഇരിക്കുക. മോണിറ്ററിലൊക്കെ നോക്കി ശ്രദ്ധിച്ചാണ് ഇരിക്കുക. കാര്യങ്ങൾ പറഞ്ഞു തന്ന്, സീനിനെ കുറിച്ച് വിവരിക്കുന്നതാണെങ്കിലും ഒരു രസമാണ്,’ബൈജു പറയുന്നു.

 

Content Highlight: Baiju Talk About Film  Making Of Prithviraj