ജീത്തു ജോസഫും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘നുണക്കുഴി ‘. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തില്‍ ബേസില്‍ ജോസഫിന് പുറമെ ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ. ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയ താരനിര തന്നെയാണ് ഉള്ളത്.
ബേസില്‍ ജോസഫ് പൃഥ്വിരാജിനെ പോലെ മറ്റൊരു മിടുക്കനാണെന്ന് പറയുകയാണ് നടന്‍ ബൈജു സന്തോഷ്. അവന് സിനിമയിലെ പണിയും കളിയും അറിയാമെന്നും ബൈജു പറയുന്നു. സിനിമ എന്താണെന്നും അതിന്റെ ബിസിനസ് എന്താണെന്നും ബേസിലിന് കൃത്യമായി അറിയാമെന്നാണ് അദ്ദേഹം പറയുന്നത്. ബേസിലിന് സ്വന്തമായ ഒരു സ്‌റ്റൈലുണ്ടെന്നും അല്ലാതെ വേറെ ആരെയും ഇമിറ്റേറ്റ് ചെയ്യില്ലെന്നും ബൈജു സന്തോഷ് കൂട്ടിച്ചേര്‍ത്തു. നുണക്കുഴിയുടെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബേസില്‍ ഒരു മിടുക്കനല്ലേ. പൃഥ്വിരാജിനെ പോലെ വേറെയൊരു മിടുക്കനാണ് ബേസില്‍. കാരണം അവന് പണിയറിയാം കളിയും അറിയാം. രണ്ടും അറിയുന്ന ആളാണ്. ഞാന്‍ ഉദ്ദേശിച്ചത് സിനിമയുടെ കളി അറിയാം എന്നതാണ്. അത് എല്ലാവര്‍ക്കും വേണം. സിനിമ എന്താണെന്നും അതിന്റെ ബിസിനസ് എന്താണെന്നും അവന് കൃത്യമായി അറിയാം. മാത്രമല്ല, അവന്‍ നല്ല ഒരു ഡയറക്ടറാണ്. ഇപ്പോള്‍ നല്ലയൊരു അഭിനേതാവാണെന്ന് തെളിയിക്കുന്നുണ്ട്. അവന് അവന്റേതായ ഒരു സ്‌റ്റൈലുണ്ട്. അല്ലാതെ വേറെ ആരെയും ഇമിറ്റേറ്റ് ചെയ്യില്ല.
എല്ലാവര്‍ക്കും അവരുടേതായ സ്‌റ്റൈല്‍ ഉണ്ടെന്ന് പറയുന്നത് പോലെ ബേസിലിനും ബേസിലിന്റേതായ സ്‌റ്റൈലുണ്ട്. പിന്നെ ജനങ്ങളുടെ ഇടയില്‍ ഒരു സ്വീകാര്യനാണ് അവന്‍. ചെറുപ്പക്കാര്‍ക്കിടയില്‍ അവന് വലിയ സ്വീകാര്യതയുണ്ട്. പിന്നെ എന്നെയൊക്കെ കാണുമ്പോഴുള്ള സ്‌നേഹം മാത്രമേ അവനുള്ളു. സിനിമകളിലൊന്നും അങ്ങനെ കൊണ്ടുവരാറില്ല. അതിന്റെയൊരു വിരോധം എനിക്കുണ്ട് (ചിരി). മിന്നല്‍ മുരളിയില്‍ ആ റോള്‍ ചെയ്യാന്‍ വേറെയാരും ഇല്ലാത്തത് കൊണ്ടാണ് ബേസില്‍ എന്നെ വിളിക്കുന്നത്,’ ബൈജു സന്തോഷ് പറഞ്ഞു.
Content Highlight: Baiju Santhosh Talks About Basil Joseph