| Thursday, 29th August 2024, 1:32 pm

ആദ്യ സിനിമ റിലീസായ സമയത്തുതന്നെ മലയാളത്തിലെ അടുത്ത പ്രിയദര്‍ശന്‍ അയാളാകുമെന്ന് ഞാന്‍ പറഞ്ഞു: ബൈജു സന്തോഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ബൈജു സന്തോഷ്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച ബൈജു ഇന്നും മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ഗുരുവായൂരമ്പല നടയിലിലും ബൈജു ഭാഗമായിരുന്നു. ഡോക്ടര്‍ പുരുഷോത്തമന്‍ എന്ന കഥാപാത്രമായാണ് ബൈജു ചിത്രത്തില്‍ എത്തിയത്. വിപിന്‍ ദാസുമായി രണ്ടാം തവണ ബൈജു ഒന്നിച്ച സിനിമയായിരുന്നു ഇത്. വിപിന്‍ ദാസ് കഴിവുള്ള സംവിധായകനാണെന്ന് മുദ്ദുഗൗവിന്റെ സമയത്തുതന്നെ തനിക്ക് തോന്നിയിട്ടുണ്ടെന്ന് ബൈജു പറഞ്ഞു.

ആദ്യ സിനിമ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വിപിന്റെ കഴിവില്‍ തനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നെന്ന് ബൈജു കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ അടുത്ത പ്രിയദര്‍ശന്‍ വിപിന്‍ ദാസാകുമെന്ന് അന്നേ താന്‍ പറഞ്ഞിരുന്നുവെന്നും ബൈജു പറഞ്ഞു. പ്രിയദര്‍ശന്‍ ചെയ്തതുപോലെ 103 സിനിമകള്‍ ചെയ്യില്ലെങ്കിലും ആ ലെവലില്‍ എത്താന്‍ വിപിന്‍ അര്‍ഹനാണെന്നും ബൈജു പറഞ്ഞു. ഗുരുവായൂരമ്പല നടയിലിന്റെ വിജയാഘോഷവേളയിലാണ് ബൈജു ഇക്കാര്യം പറഞ്ഞത്.

‘വിപിന്‍ ദാസുമായി ഞാന്‍ ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. വിപിന്റെ ആദ്യസിനിമയായ മുദ്ദുഗൗവിലും ഞാന്‍ അഭിനയിച്ചിരുന്നു. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ സിനിമ അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ ആ സമയത്ത് തന്നെ ഞാന്‍ വിപിന്‍ മലയാളത്തിലെ അടുത്ത പ്രിയദര്‍ശനാകുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

ഇക്കാര്യം വിപിനും അറിയാം. അന്ന് അത് കേട്ട് അവന്‍ ചിരിച്ചു. പ്രിയദര്‍ശന്‍ ചെയ്ത 103 സിനിമകളൊന്നും വിപിന് ചെയ്യാന്‍ പറ്റില്ല. പക്ഷേ വളരെ കുറച്ചു സിനിമകള്‍ കൊണ്ടുതന്നെ പ്രിയദര്‍ശന്‍ ചെയ്തുവെച്ച ലെവലില്‍ എത്താന്‍ വിപിന് സാധിക്കും. അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അത്രക്ക് കഴിവുള്ള ആളാണ് വിപിന്‍,’ ബൈജു പറഞ്ഞു.

Content Highlight: Baiju Santhosh saying that Vipin Das will be the next Priyadarshan of Malayalam cinema

We use cookies to give you the best possible experience. Learn more