നടന്‍ പൃഥ്വിരാജിനെ കുറിച്ചും സംവിധായകന്‍ വിപിന്‍ ദാസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബൈജു. ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് ബൈജു പങ്കുവെച്ചത്. ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനില്‍ പങ്കെടുക്കുകയായിരുന്നു ബൈജു.
സിനിമയില്‍ അഭിനയിച്ച ശേഷം തന്റെ അക്കൗണ്ടിലേക്ക് പൈസ വന്നപ്പോള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുകയുണ്ടായിരുന്നെന്നും മോളുടെ കല്യാണം അടുത്തുവരുന്നതുകൊണ്ട് തന്നെ പൃഥ്വി ഗിഫ്റ്റായി അയച്ചതായിരിക്കുമെന്ന് കരുതിയെന്നും പിന്നീട് അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയതെന്നും ബൈജു പറയുന്നു.
‘വിപിന്‍ദാസിന്റെ ആദ്യത്തെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. മുത്തുഗൗവില്‍. അന്ന് അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അന്ന് പക്ഷേ വിപിന്റെ ഹ്യൂമര്‍സെന്‍സ് മനസിലാക്കിയ ഞാന്‍ അടുത്ത ഒരു പ്രിയദര്‍ശനാണ് നീ എന്ന് പറഞ്ഞു. വേണമെങ്കില്‍ കുറിച്ചുവെച്ചോ എന്നും പറഞ്ഞു. പ്രിയദര്‍ശനെപ്പോലെ 103 സിനിമയൊന്നും ചിലപ്പോള്‍ ചെയ്യാന്‍ പറ്റിയെന്ന് വരില്ല. എങ്കിലും മലയാളത്തിലെ മറ്റൊരു പ്രിയദര്‍ശന്‍ തന്നെയാണ് വിപിന്‍.
ഈ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതിന്റഎ ഡബിങ് മാര്‍ച്ച് അവസാനം ആയിരുന്നു. എന്റെ മകളുടെ വിവാഹം ഏപ്രില്‍ 5നും. അങ്ങനെ ബാങ്കില്‍ കാശ് വന്ന് കഴിഞ്ഞപ്പോള്‍ ഒരു അഞ്ച് ലക്ഷം രൂപകൂടുതല്‍.
ഞാന്‍ വിചാരിച്ചു. ഇത് ഇപ്പോള്‍ എന്താണ് ചെയ്യുക, കിട്ടേണ്ടതിനേക്കാള്‍ അഞ്ച് ലക്ഷം രൂപ കൂടുതല്‍ ഉണ്ടല്ലോ. എന്തെങ്കിലും തെറ്റ് പറ്റിയോ. ഞാന്‍ അങ്ങോട്ട് പറയുന്നതല്ലേ നല്ലത് എന്ന് കരുതി അങ്ങോട്ട് വിളിച്ചു.
അയച്ചതില്‍ എന്തെങ്കിലും മിസ്‌റ്റേക്ക് പറ്റിയോ എന്ന് ചോദിച്ചു. ഇല്ലല്ലോ ഞങ്ങള്‍ ചെക്ക് ചെയ്തിട്ട് പറയാമെന്ന് പറഞ്ഞു. ശരിയാണ് അഞ്ച് ലക്ഷം രൂപ കൂടുതല്‍ അയച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ഞാന്‍ ശരിക്കും വിചാരിച്ചത് എന്റെ മോളുടെ കല്യാണത്തിന് രാജു ഗിഫ്റ്റ് തന്നതായിരിക്കുമെന്നാണ്. പിന്നെയാണ് അറിഞ്ഞത് അബദ്ധമായിരുന്നു എന്ന്.
എന്തായാലും ഭയങ്കര രസകരമായ ഷൂട്ടിങ് ആയിരുന്നു. ഒരുപാട് ആളുകളുമായി ഒന്നിച്ച് സഹകരിക്കാന്‍ പറ്റി. രാജു സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ അഭിനയിച്ചു, ഇനിയും കുറച്ച് പരിപാടികള്‍ ബാക്കിയുണ്ട്. അടുത്ത മാസമൊക്കെയായി നടക്കുമെന്ന് തോന്നുന്നു.
ഞാന്‍ ഒരുപാട് സംവിധായകരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ആരേയും പ്രത്യേകിച്ച് ഭയമൊന്നും തോന്നിയിട്ടില്ല. പക്ഷേ ഞാന്‍ കറക്ട് ഷൂട്ടിങ്ങിന് സമയത്ത് എത്തിയത് രാജുവിന്റെ സെറ്റിലാണ്. ആള് ഭയങ്കര സ്‌നേഹമൊക്കെയാണ്. പക്ഷേ ഹൈലി പ്രൊഫഷണലിസ്റ്റാണ്. നമ്മള്‍ വൈകി എത്തിയാല്‍ ഒരു നോട്ടമുണ്ട്. അത് കാണുമ്പോള്‍ എനിക്ക് സുകുവേട്ടനെ ഓര്‍മ വരും. സുകുവേട്ടന്റെ അതേ നോട്ടമാണ്,’ ബൈജു പറഞ്ഞു.
Content Highlight: Baiju Santhosh about Prithviraj and the remmunaration