ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ബൈജു സന്തോഷ്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച ബൈജു ഇന്നും മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഗുരുവായൂരമ്പല നടയിലിലും ബൈജുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. വളരെ ചെറിയ കഥാപാത്രമാണെങ്കിലും തന്റെ സ്വാഭാവികമായ അഭിനയം കൊണ്ട് ബൈജു ഡോക്ടര്‍ പുരുഷോത്തമനെ മികച്ചതാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബൈജു സന്തോഷ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഒരുപാട് ദിവസം എടുത്താണ് ഷൂട്ട് ചെയ്തതെന്നും ആ ദിവസങ്ങളില്‍ താനും ജഗദീഷും ഒരേ കാരവനില്‍ ആയിരുന്നെന്നും ബൈജു പറഞ്ഞു.
ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ഷോട്ട് മാത്രമേ തനിക്ക് ഉണ്ടാവാറുണ്ടായിരുന്നെന്നും ബാക്കി സമയത്ത് ജഗദീഷുമായി തമാശ പറഞ്ഞിരിക്കുമായിരുന്നെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എല്ലാ ഇന്റര്‍വ്യൂവിലും ജഗദീഷ് തന്നെ വിറ്റ് ജീവിക്കുകയാണെന്നും ബൈജു തമാശരൂപത്തില്‍ പറഞ്ഞു. ജഗദീഷിനോട് പ്രായം ചോദിച്ചാല്‍ ബൈജുവിന്റെ തൊട്ട് സീനിയറാണെന്നേ പറയാറുള്ളൂവെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരമ്പല നടയിലിന്റെ വിജയാഘോഷവേളയിലാണ് ബൈജു ഇക്കാര്യം പറഞ്ഞത്.
‘ഈ സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ഒരുപാട് ദിവസമെടുത്താണ് ഷൂട്ട് ചെയ്തത്. അത്രമാത്രം ആര്‍ട്ടിസ്റ്റിനെ വെച്ചാണ് ചെയ്തത്. ചില ദിവസം ഒന്നോ രണ്ടോ ഷോട്ട് മാത്രമേ എനിക്ക് ഉണ്ടാകുള്ളൂ. അതിന് വേണ്ടി രാവിലെ തന്നെ പോയി ഇരിക്കുന്നതൊന്നും എനിക്ക് അത്ര ഇഷ്ടമല്ല. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ശേഷം സെറ്റിലേക്ക് വിളിച്ചിട്ട് പൃഥ്വി എത്തിയോ എന്ന് അന്വേഷിക്കും. അയാള്‍ വന്നെന്നറിഞ്ഞാല്‍ ഞാനും സെറ്റില്‍ പോകും.
ഞാനും ജഗദീഷും ഒരു കാരവനിലായിരുന്നു. ഷൂട്ടില്ലാത്ത സമയത്ത് ഞാനും ജഗദീഷും കാരവനിലിരുന്ന് എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ് സമയം കളയാറുണ്ടായിരുന്നു. അതൊക്കെ കേട്ടിട്ട് ജഗദീഷ് ഇപ്പോള്‍ ഓരോ ഇന്റര്‍വ്യൂവിലും എന്നെ വിറ്റ് പുട്ടടിക്കുകയാണ്. ആരെങ്കിലും ജഗദീഷിനോട് പ്രായമെത്രയായെന്ന് ചോദിച്ചാല്‍ ‘ബൈജുവിന്റെ തൊട്ട് സീനിയറായി പഠിച്ചതാണെന്നേ പറയാറുള്ളൂ. അങ്ങനെയാണ് ഇപ്പോള്‍ ജഗദീഷ് ചെയ്യുന്നത്,’ ബൈജു പറഞ്ഞു.
Content Highlight: Baiju Santhosh about Jagadeesh and Guruvayoor Ambalanadayil movie